മോഹൻലാൽ
ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ദൃശ്യം 3: ദ കൺക്ലൂഷൻ' തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്നു. ചിത്രത്തെ പ്രശംസിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ തന്നെ രംഗത്തെത്തിയത് സിനിമയ്ക്ക് വലിയ മൈലേജ് ആയിരിക്കുകയാണ്.
"ഞാൻ ദൃശ്യം: ദ കൺക്ലൂഷൻ കണ്ടു. ജനപ്രിയമായ ഈ യാത്രയ്ക്ക് അനുയോജ്യമായ അവസാനം കണ്ടെത്തിയ രീതിയെ ഞാൻ അഭിനന്ദിക്കുന്നു. അഭിഷേക് പഥക്, കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, ചിത്രത്തിന്റെ മറ്റ് എല്ലാ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ. വളരെ നന്നായി ചെയ്തു," എന്നാണ് മോഹൻലാൽ പറഞ്ഞത്.
മലയാളം പതിപ്പിന്റെ റിലീസിന് ശേഷം എത്തിയ ഹിന്ദി പതിപ്പ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയില്ലെന്നാണ് പുറത്തുവരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മലയാളം ഒറിജിനലിൽ നിന്ന് വ്യത്യസ്തമായി, ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് കഥയിൽ വരുത്തിയ മാറ്റങ്ങളും ക്ലൈമാക്സും മികച്ച അനുഭവമാണ് നൽകുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പ്രവചനാതീതമായ ട്വിസ്റ്റുകളും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ വേറിട്ടുനിർത്തുന്നു. പ്രത്യേകിച്ച് ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന് ലഭിക്കുന്ന മികച്ച സ്വീകാര്യത ബോളിവുഡ് ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Tags : Drishyam 3 Mohanlal Review