മേജർ രവി
നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ സംവിധായകനും നടനുമായ മേജർ രവി പ്രതികരിച്ചു. അമിതവേഗത്തിലും മദ്യപിച്ചും അപകടമുണ്ടാക്കിയിട്ടും യാതൊരു കുറ്റബോധവുമില്ലാതെ 'ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും' എന്ന് പ്രതി പറയുന്ന മനോഭാവം സങ്കടകരവും ദേഷ്യമുണ്ടാക്കുന്നതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പണത്തിന്റെ അഹങ്കാരം കാണിച്ച് ഉണ്ടാക്കിയ കാശ്, റോഡിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസൻസ് ആക്കി മക്കൾക്ക് നൽകരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മേജർ രവിയുടെ വാക്കുകളിൽ നിന്ന്: "അപകടം വരുത്തിവച്ചതിനു ശേഷവും ആ പയ്യൻ യാതൊരു കുറ്റബോധവുമില്ലാതെ 'ഇതൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും' എന്നാണ് പറയുന്നത്. നമ്മളൊക്കെ വണ്ടി ഓടിക്കുമ്പോൾ അബദ്ധത്തിൽ ആരുടെയെങ്കിലും ശരീരത്തിൽ ഒന്ന് തട്ടിയാൽ പോലും അന്ന് രാത്രി ഉറങ്ങാൻ സാധിക്കാത്ത മനുഷ്യരാണ്. മക്കളെ സ്നേഹിച്ചു വളർത്താം, എന്നാൽ മക്കൾ ചോദിക്കുന്നതെല്ലാം വാങ്ങി കൊടുത്തില്ലെങ്കിൽ അവർ ആത്മഹത്യ ചെയ്യുമെന്ന് ഭയന്ന് അച്ചടക്കമില്ലാതെ വളർത്തിയാൽ, ഒടുവിൽ ബലിയാടാകുന്നത് സമൂഹത്തിലെ നിരപരാധികളാണ്. 22 വയസുള്ള രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് അവിടെ മരിച്ചു വീണത്. പണത്തിന്റെ അഹങ്കാരം കാണിച്ച് ഉണ്ടാക്കിയ കാശ് റോട്ടിലിറങ്ങി പാവപ്പെട്ട മനുഷ്യരെ കൊല്ലാനുള്ള ലൈസൻസ് ആക്കി മക്കൾക്ക് കൊടുക്കരുത്. പണമുണ്ടെങ്കിൽ മക്കളെ നല്ല മനുഷ്യരായി വളർത്താൻ പഠിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ 18-ഓ 19-ഓ വയസിൽ മദ്യപിച്ച് ഷാപ്പുകൾ തോറും കയറിയിറങ്ങുന്ന മക്കളെ നമ്മുടെ സമൂഹം ഒരു കാലത്തും അംഗീകരിക്കില്ല".
Tags : Accident MajorRavi Car Director