ജയിലർ 2 -ന്റെ പോസ്റ്റർ.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ജയിലർ' സിനിമയുടെ രണ്ടാം ഭാഗം തിയറ്റിലെത്താൻ മണിക്കൂറുകൾ മാത്രം. ചിത്രത്തിൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ, മിഥുൻ ചക്രവർത്തി വില്ലൻ വേഷം ചെയ്യാൻ വിസമ്മതിച്ചെന്ന രസകരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന 'ജയിലർ 2 സൂപ്പർ ഷോ' വേദിയിലാണ് രജനികാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. മിഥുൻ ചക്രവർത്തിയുമായി തനിക്കുള്ള ദീർഘകാല സൗഹൃദത്തെക്കുറിച്ചു സംസാരിച്ച താരം, ചിത്രത്തിലേക്കു അദ്ദേഹത്തെ എത്തിക്കാൻ താൻ നേരിട്ടു നടത്തിയ ശ്രമങ്ങളും തുറന്നുപറഞ്ഞു.
അണിയറപ്രവർത്തകർ ചിത്രത്തിലേക്കു ക്ഷണിച്ചപ്പോൾ മിഥുൻ ചക്രവർത്തി ശക്തമായി എതിർക്കുകയായിരുന്നു. 'ഞാൻ രജനിയുടെ വില്ലനാകണോ? രജനികാന്തിന്റെ കയ്യിൽനിന്ന് അടി വാങ്ങേണ്ടി വരുമോ? ഒരിക്കലുമില്ല, ഞാൻ ഈ സിനിമ ചെയ്യുന്നില്ല...' എന്നായിരുന്നു മിഥുൻ ചക്രവർത്തി ആദ്യം നൽകിയ മറുപടിയെന്ന് രജനികാന്ത് പറഞ്ഞു.
പിന്നീട്, ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണു മിഥൻ ചക്രവർത്തി അഭിനയിക്കാൻ സമ്മതിച്ചതെന്നും രജനികാന്ത് വെളിപ്പെടുത്തി. എന്നാൽ, അദ്ദേഹം ഒരു നിബന്ധന മുന്നോട്ടുവച്ചതായും സൂപ്പർസ്റ്റാർ വ്യക്തമാക്കി. ചിത്രത്തിൽ രജനികാന്തിന്റെ കഥാപാത്രം തന്നെ അടിക്കുകയോ വെടിവയ്ക്കുകയോ ചെയ്യരുതെന്നതായിരുന്നു മിഥുൻ ചക്രവർത്തിയുടെ പ്രധാന നിബന്ധന! തമാശ രൂപേണയാണ് രജനികാന്ത് ഇതു പറഞ്ഞതെങ്കിലും, ചിത്രത്തിലെ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ തിയറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ട്.
Tags : Entertaiment Rajinikanth MithunChakraborty Jailer2 FilmNews