സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവച്ച ചിത്രം
'തുടരും' എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രം അതിമനോഹരത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചു. ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുമുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം ഡിസംബർ 24-ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും.
കഴിഞ്ഞ വിഷു ദിനത്തിലായിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്. അതുവരെ 'L366' എന്ന വർക്കിംഗ് ടൈറ്റിലിലായിരുന്നു സിനിമ അറിയപ്പെട്ടിരുന്നത്. മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലിസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ടി.എസ്. ലവ് ലാജൻ എന്നാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ഇഷ്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രശസ്തനായ രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: ഷാജികുമാർ, സംഗീതം: ജേക്സ് ബിജോയ്, സഹസംവിധാനം: ബിനു പപ്പു, എഡിറ്റിംഗ്: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: ഗോകുൽദാസ്, കോസ്റ്റും: മഷാർ ഹംസ, മേക്കപ്പ്: റോണക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
Tags : Mohanlal TharunMoorthy Athimanoharam Dubbing