രേണു സുധി
വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ നഷ്ടപരിഹാര തുക വിധിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന വ്യാജ പ്രചാരണങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ രൂക്ഷമായ പ്രതികരണവുമായി രേണു സുധി. സുധിയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നുമുള്ള തരത്തിൽ ചില വ്ലോഗർമാരും യൂട്യൂബർമാരും നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കാണ് രേണു വീഡിയോയിലൂടെ വ്യക്തമായ മറുപടി നൽകിയിരിക്കുന്നത്.
കോടതി എല്ലാ ഔദ്യോഗിക രേഖകളും വിശദമായി പരിശോധിച്ചാണ് നഷ്ടപരിഹാര തുക വിധിച്ചിരിക്കുന്നതെന്നും അല്ലാതെ ആരും വ്യാജ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടില്ലെന്നും രേണു വ്യക്തമാക്കി. തീയതിയുമായി ബന്ധപ്പെട്ട് തനിക്ക് പറ്റിയ ചെറിയൊരു നാക്കിന്റെ പിഴയാണ് ചിലർ വിവാദമാക്കിയതെന്നും രേണു സുധി കൂട്ടിച്ചേർത്തു.
രേണു സുധിയുടെ വാക്കുകൾ: "കാൻസർ വന്ന ശേഷം എനിക്ക് ചെറിയൊരു ഓർമക്കുറവുണ്ട്. സംസാരത്തിനിടെ വിവാഹ വർഷം 2018 എന്നതിന് പകരം 2017 എന്ന് മാറിപ്പോയത് എന്റെ നാവിന്റെ പിഴയാണ്. അത് വച്ച് ചിലർ മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. സംശയമുള്ളവർക്ക് ചങ്ങനാശേരി തെങ്ങണ സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് പോയി രേഖകൾ പരിശോധിക്കാവുന്നതാണ്. 2018 മെയ് ഏഴിനാണ് സുധീരദാസും രേഷ്മാ പി. തങ്കച്ചനും (രേണു സുധി) തമ്മിലുള്ള വിവാഹം അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അത് വന്ന് കണ്ട് ബോധ്യപ്പെടാൻ ധൈര്യമുള്ളവർക്ക് സാധിക്കും."
ഒരു രോഗിയായ തന്നെ നിരന്തരം വേട്ടയാടുന്ന ചില വ്ലോഗർമാരുടെ പ്രവൃത്തിയെയും രേണു കടുത്ത ഭാഷയിൽ വിമർശിച്ചു. തനിക്ക് പണമോ നഷ്ടപരിഹാരമോ ലഭിക്കുന്നതിനേക്കാൾ വലുത് സുധിച്ചേട്ടന്റെ സ്നേഹമാണെന്നും കിട്ടിയാൽ കിട്ടി, ഇല്ലെങ്കിൽ ഇല്ല എന്ന നിലപാടിലാണ് താനെന്നും രേണു സുധി വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ഒരു മനുഷ്യനെ മാനസികമായി തകർക്കാൻ നോക്കുന്നത് ശരിയല്ലെന്നും രേണു ഓർമിപ്പിച്ചു.
Tags : RenuSudhi CyberAttack KollamSudhi