തീപിടിത്തിന് ശേഷമുള്ള ദൃശ്യം
മലപ്പുറം: കുരിപ്പൊയിലില്‍ വീടിന് തീപിടിച്ച് വന്‍ നാശനഷ്ടം. ഫ്രിഡ്ജില്‍ നിന്നുണ്ടായ ഷോര്‍ട്സ് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതായി പറയുന്നത്. കുരിപ്പൊയില്‍ സ്കൂളിന് സമീപമുള്ള കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് മേല്‍കൂരയടക്കം പകുതിയിലധികം ഭാഗവും കത്തി നശിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയം വൈദ്യുതി ലൈനില്‍ അമിത വോള്‍ട്ടേജ് പ്രവാഹം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. സുബ്രഹ്മണ്യന് കൂലി തൊഴിലാളിയും ഭാര്യ രുഗ്മിണി ആശാവര്‍ക്കറുമാണ്.
വീട് പൂട്ടിപ്പോയ സമയത്താണ് അപകടം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് രണ്ടു റൂമുകള്‍, അലമാര, ഒരുലക്ഷം രൂപ, രണ്ടു പവന്റെ ആഭരണം, നിരവധി രേഖകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു.
പ്രദേശത്തെ നിരവധി വീടുകളില്‍ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചിരുന്നു. വൈദ്യുതി ലൈനില്‍ പ്രവൃത്തികള്‍ നടന്നിരുന്നു. ഇത് കഴിഞ്ഞ് ലൈന്‍ ചാര്‍ജ് ചെയ്ത സമയത്താണ് അമിതമായ വൈദ്യുതി പ്രവാഹമുണ്ടായത്. അടുക്കളയോട് ചേര്‍ന്ന സ്റ്റോക്ക് റൂം കത്തിയമര്‍ന്നു. വീടിന്റെ ചുമരുകളും മറ്റും പൊട്ടി വീട് താമസയോഗ്യമല്ലാതായി. ഫ്രിഡ്ജും അലമാരയും പൂര്‍ണമാ യി കത്തിയമര്‍ന്നു.
മകന്റെ ചികിത്സക്കായി സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപയും ചികിത്സാരേഖകളും രണ്ട് പവനോളം വരുന്ന സ്വര്‍ണാഭരണവും ആധാര്‍, പാന്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പടെയുള്ള രേഖകളും കത്തി നശിച്ചു. കൂടാതെ പ്രദേശത്തെ നിരവധി വീടുകളിലെ വയറിംഗ് സംവിധാനങ്ങളും വൈദ്യുതി ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.
Tags : House Catches Fire Damages Malappuram