ക്രെയിൻ തട്ടി കെട്ടിടങ്ങൾ തകർന്ന നിലയിൽ
മുംബൈ: മുംബൈയിലെ കുർള ഈസ്റ്റിൽ ക്രെയിൻ വീടിനു മുകളിലേക്ക് മറിഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം പത്ത് പേർക്ക് പരിക്കേറ്റു. ക്രെയിനിന്റെ ഒരു ഭാഗം റെയിൽവേയുടെ ഓവർഹെഡ് ലൈനിലേക്ക് വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
ഇന്ദിരാനഗറിൽ പുതിയതായി നിർമിക്കുന്ന 17 നില കെട്ടിടത്തിന്റെ നിർമാണ സ്ഥലത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ മൂന്നിനായിരുന്നു അപകടം നടന്നത്. സ്ഥലത്തേക്ക് കൊണ്ടുവന്ന ഒരു യന്ത്രം ഉയർത്താൻ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു.
ക്രെയിൻ തട്ടി റെയിൽവേയുടെ ഹൈ-ടെൻഷൻ ഓവർഹെഡ് വയറുകളും ഖുറേഷി നഗറിലെ വീടുകളും സമ്രാട്ട് അശോക് നഗറിലെ റോഡും മ്ഹാഡ കെട്ടിടത്തിന്റെ മതിലും തകർന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറുകളും ക്രെയിൻ വീണ് തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അധികാരികൾ സ്വീകരിച്ചുവരികയാണ്.