വീണാ വിജയനെതിരായ ഇഡി അന്വേഷണത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ വന്ന മുഖപ്രസംഗം.
തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയനെതിരായ ഇഡി അന്വേഷണത്തെ വിമർശിച്ച് സിപിഎം മുഖപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുകയാണെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കേസ് വലിച്ചുനീട്ടുന്നത് ദുരൂഹമാണ്.
വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപോക്കലാണ്. അന്വേഷണത്തിന്റെ പേരിൽ അപസർപക കഥകൾ മെനയുകയാണ്. അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ച് തെളിവുകൾ പുറത്തുകൊണ്ടുവരണം. എന്നാൽ സമാന ആരോപണങ്ങൾ നേരിടുന്നവർക്കെതിരെ അന്വേഷണം നടക്കുന്നില്ല.
ഒരാൾക്കെതിരെ ഉയർന്ന ഒരു കോടി രൂപയുടെ ആരോപണത്തിനപ്പുറം അന്വേഷണം നടന്നിട്ടുണ്ടോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണം നടക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിക്കുന്നു. സിപിഎമ്മിനെ ദുർബലപ്പെടുത്താമെന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല.
ജന്തർ മന്തർ സമരത്തിൽ സിപിഎം പങ്കെടുത്തതിന് ശേഷമാണ് ഇഡിയുടെ പുതിയ വിളയാട്ടം ആരംഭിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ മാറ്റിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Tags : Monthly Payment Case ED Investigation Enforcement Directorate Veena vijayan