ന്യൂഡൽഹി: സിബിഎസ്ഇയുടെ ത്രിഭാഷാനയം നടപ്പാക്കുമ്പോൾ നേരിടുന്ന പ്രായോഗികവശങ്ങൾ പുനഃപരിശോധിക്കണമെന്നു സുപ്രീംകോടതി. ഇംഗ്ലീഷിനെ ഇന്ത്യൻ ഇതര ഭാഷയായി തരംതിരിച്ചതിനെയും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ച് ചോദ്യം ചെയ്തു.
ഇന്ത്യൻ സമൂഹത്തിൽ ചരിത്രപരവും സാമൂഹികവുമായ വേരുകളുള്ളതും നിരവധി സംസ്ഥാനങ്ങളിൽ ഔദ്യോഗിക ഭാഷയുമായ ഇംഗ്ലീഷിനെ ഒരു വിദേശഭാഷയെന്നോ തദ്ദേശീയമല്ലാത്ത ഭാഷയെന്നോ വിശേഷിപ്പിക്കാൻ എങ്ങനെയാണു കഴിയുകയെന്ന് ബെഞ്ച് ചോദിച്ചു.
ആറാം ക്ലാസ് വിദ്യാർഥികൾക്ക് ഒരു വർഷം ഇളവ് നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ബെഞ്ച് ബോർഡിനോടു നിർദേശിച്ചു. ത്രിഭാഷാ നയത്തിന് എതിരല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ നയം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രായോഗിക തടസങ്ങളാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.
ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട ഭാഷകൾ പഠിച്ചുവരുന്ന വിദ്യാർഥികളെ പെട്ടെന്ന് പുതിയ സംവിധാനത്തിലേക്ക് മാറ്റുന്നതിനുപകരം അവർക്ക് ആശ്വാസം നൽകണം. ത്രിഭാഷാ ക്രമീകരണം അടുത്ത ബാച്ചിൽ വരുന്ന ആറാം ക്ലാസ് വിദ്യാർഥികൾക്കുമുതൽ നടപ്പിലാക്കാവുന്നതാണ്. ഇതുവഴി വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങളോടെ അവരുടെ ഭാഷകൾ തെരഞ്ഞെടുക്കാൻ മതിയായ സമയം ലഭിക്കും.
ഈ വിഷയം ഗൗരവമായി പരിഗണിച്ച് കോടതിയെ അറിയിക്കണമെന്ന് സിബിഎസ്ഇക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷമായി പഠിച്ചുകൊണ്ടിരുന്ന ഭാഷകൾ ഉപേക്ഷിച്ച് പെട്ടെന്നു പുതിയ പ്രാദേശിക ഭാഷകൾ പഠിക്കേണ്ടിവരുന്നത് വിദ്യാർഥികൾക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കുമെന്നും ഇതു നടപ്പിലാക്കാൻ സ്കൂളുകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Tags : Deepika DeepikaNewspaper BreakingNews practical aspects three-language