യുജിസി നെറ്റ്
ന്യൂഡൽഹി: ചോദ്യങ്ങളിലെ ഗുരുതര പിഴവുകളെത്തുടർന്ന് റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയിൽ നിർമിത ബുദ്ധി (എഐ) അശ്രദ്ധമായി ഉപയോഗിച്ചെന്ന് ആരോപണം. ചോദ്യപേപ്പറുകൾ തയാറാക്കാനും വിവർത്തനം ചെയ്യാനും മോശമായ മേൽനോട്ടത്തിലുള്ള എഐ ഉപയോഗിച്ചെന്നാണ് എൻടിഎയ്ക്കുള്ളിലെ വിഷയവിദഗ്ധർ പറഞ്ഞതെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
എന്നാൽ ആരോപണം എൻടിഎ തള്ളി. ചോദ്യപേപ്പറുകൾ മാനുഷിക വിശകലനത്തിനു വിധേയമായിട്ടുണ്ടെന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് പറഞ്ഞു. എന്നാൽ പിഴവുകൾ എങ്ങനെയാണ് കാണപ്പെടാതെ പോയതെന്നതിൽ എൻടിഎ വിശദീകരണം നൽകിയിട്ടില്ല.
റദ്ദാക്കിയ യുജിസി-നെറ്റ് പരീക്ഷയിൽ വസ്തുത ടൈപ്പിംഗ്, വിവർത്തനം എന്നിവയിൽ ഒട്ടേറെ തെറ്റുകൾ കണ്ടെത്തിയിരുന്നു. പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരുടെ പേരുകളിൽ തെറ്റുകൾ കണ്ടെത്തിയതിനോടൊപ്പം ഇംഗ്ലീഷ് പരീക്ഷയിലെ 150 ചോദ്യങ്ങളിൽ 67 എണ്ണവും 2024 പരീക്ഷയിലെ ചോദ്യങ്ങളോടു സാമ്യമുള്ളവയായിരുന്നു. സോഷ്യോളജി പരീക്ഷയിൽ ജോർജ് റിട്സർ എന്ന പേര് പുട്സർ ആയതിനു പിന്നിലും ടാൽകോട്ട് പാഴ്സൺസ് എന്ന പേര് പാർസോ ആയതിനു പിന്നിലും എഐയുടെ അശ്രദ്ധമായ ഉപയോഗമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.
യുജിസി നെറ്റ് പോലുള്ള ഉന്നത നിലവാരമുള്ള പരീക്ഷകളിൽ വ്യാപകമായി എഐ ഉപയോഗിച്ചെന്നും ചോദ്യപേപ്പർ ആവശ്യമായ വിലയിരുത്തൽ നടത്തിയില്ലെന്നുമാണ് ആരോപണം. പിഴവുകൾ പിന്നീട് എങ്ങനെയാണു ശ്രദ്ധിക്കപ്പെടാതെ പോയതെന്നതിലും എൻടിഎയ്ക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ല.
യുജിസി ഇക്വിറ്റി റെഗുലേഷനുകൾ പുനഃപരിശോധിക്കുമെന്ന് കേന്ദ്രം
ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയുന്നതു ലക്ഷ്യമിട്ട് തയാറാക്കിയ യുജിസി ഇക്വിറ്റി റെഗുലേഷൻസ് പുനഃപരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനുമുന്നിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ഇതേത്തുടർന്ന് കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ യുജിസിക്കു കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.
പുതിയ ചട്ടങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നു നിരീക്ഷിച്ച് ജനുവരി 29ന് സുപ്രീംകോടതി പുതിയ ചട്ടങ്ങൾ സ്റ്റേ ചെയ്തിരുന്നു. ഭരണഘടനയുടെ 142-ാം അനുച്ഛേദമനുസരിച്ച് കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ 2012ലെ പഴയ യുജിസി ചട്ടങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിനടപടി.
ജാതിവിവേചനത്തെ പ്രത്യേകമായി നിർവചിക്കുന്ന വകുപ്പുകളെച്ചൊല്ലിയും റാഗിംഗ് പോലുള്ള വിഷയങ്ങൾ ഒഴിവാക്കിയതിനെച്ചൊല്ലിയും വിദ്യാർഥിസംഘടനകളുടെയും മറ്റു വിഭാഗങ്ങളുടെയും പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളെത്തിയത്.
Tags : Deepika DeepikaNewspaper BreakingNews AI was inadvertently used