വി.ഡി. സതീശൻ
തിരുവനന്തപുരം: പാർലമെന്റിലെ വനിതാ സംവരണം മൂന്നിലൊന്നായി ഉയർത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേന്ദ്രമന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കവേയാണ് കേരളത്തിന്റെ ഇക്കാര്യത്തിലെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മണ്ഡല പുനർനിർണയത്തിനു മുന്പുതന്നെ ഇതുസംബന്ധിച്ച ബിൽ പാസാക്കണം.
സംസ്ഥാനങ്ങളുടെ നിയന്ത്രണാധികാരം എടുത്തു കളഞ്ഞുകൊണ്ടുള്ള ഖനനനിയന്ത്രണ ഭേദഗതി ബിൽ കേന്ദ്രം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ ഫെഡറൽ സ്വഭാവത്തെ ഹനിക്കുന്നതാണു ബില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യത്തോടു കർണാടകയും യോജിച്ചു. കേരളത്തെ തുറമുഖ നഗരമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിന് അയൽ സംസ്ഥാനങ്ങളുടെ പൂർണ പിന്തുണയും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ദേശീയപാതയിൽ ടോൾ ഏർപ്പെടുത്തുന്പോൾ കെഎസ്ആർടിസി ബസുകളെ ഒഴിവാക്കണം. ഇപ്പോൾത്തന്നെ കടുത്ത സാന്പത്തിക ബാധ്യത നേരിടുന്ന കെഎസ്ആർടിസിക്ക് ടോൾ കൂടി ഏർപ്പെടുത്തിയാൽ കൂടുതൽ തകർച്ചയിലേക്കു നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിൽ കർണാടകവും തമിഴ്നാടും മണ്ഡലപുനർനിർണയ വിഷയം ഉന്നയിച്ചു. മണ്ഡലപുനർനിർണയത്തിന് 1971-ലെ ജനസംഖ്യ കണക്കെടുപ്പ്തന്നെ മാനദണ്ഡമാക്കണമെന്നും അടുത്ത 25 വർഷത്തേക്ക് ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കൗൺസിൽ പാസാക്കണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു.
ജനസംഖ്യ നിയന്ത്രണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച വിജയം, രാഷ്ട്രീയ പ്രാതിനിധ്യം കുറയാൻ കാരണമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാസംവരണം നടപ്പിലാക്കുന്നത് പുതിയ മണ്ഡല പുനർനിർണയം വരെ നീട്ടിവയ്ക്കരുതെന്നും നിലവിലുള്ള സീറ്റുകളിൽത്തന്നെ സംവരണം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണത്തിൽ നിലവിലെ സ്ഥിതി തുടരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.
യോഗത്തിൽ പങ്കെടുത്ത സംസ്ഥാനമന്ത്രി ആർ. നിർമൽകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ ആശങ്കകൾ അമിത് ഷായെ ധരിപ്പിച്ചു. ഇക്കാര്യത്തിൽ തമിഴ്നാടിന്റെ ഔദ്യോഗിക നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കാവേരി നദീജല തർക്കത്തിന്റെ പശ്ചാത്തലത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി ഡി.കെ. ശിവകുമാർ ചർച്ചനടത്തി.മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തു.
Tags : Deepika DeepikaNewspaper BreakingNews V.D. Satheesan says women's reservation