തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സമാപനം നാളെ നടക്കും. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ രാവിലെ 8.30നു ചടങ്ങുകള്‍ ആരംഭിക്കും.
കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികരാകും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്‍കും. അന്ത്യോഖ്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കും.
11നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭ തലവൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ. മുരളീധരന്, എം.എ. യൂസഫലി, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും.
ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ബിഷപ് സാമുവേല്‍ മാര്‍ തെയോഫിലോസ്, ബിഷപ് ഔഗിന്‍ മാർ കുര്യാക്കോസ്, മുന്‍ ചീഫ് സെക്രട്ടറിമാരായ ജോണ്‍ മത്തായി, സന്തോഷ് മാത്യു എന്നിവര്‍ പ്രകാശനം ചെയ്യുന്ന പുസ്തകങ്ങള്‍ ഏറ്റുവാങ്ങും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തുമെന്നു മലങ്കര കത്തോലിക്കാ എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ അലക്സിയോസ്, ജനറല്‍ കണ്‍വീനര്‍ ജേക്കബ് പുന്നൂസ്, മലങ്കര കത്തോലിക്കാ സഭ പിആർഒ ഫാ. ബോവസ് മാത്യു എന്നിവർ അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews silver jubilee Cardinal Mar Cleemis