നാസയുടെ മൂൺബേസ് പദ്ധതിയിൽ പങ്കാളിയാകാൻ ഐഎസ്ആർഒയ്ക്കു ലഭിച്ച ക്ഷണം ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നിർണായക വഴിത്തിരിവാണ്.
ബഹിരാകാശരംഗത്ത് അമേരിക്കയും ഇന്ത്യയും തമ്മിൽ കൂടുതൽ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള ഈ നീക്കം പ്രതീക്ഷ നൽകുന്നതാണ്. അന്താരാഷ്ട്ര ബഹിരാകാശ കരാറായ ആർട്ടെമിസ് അക്കോർഡ്സിന്റെ പശ്ചാത്തലത്തിലാണ് സഹകരണം. നാസയുമായുള്ള ഈ സഹകരണം ഇസ്രോയ്ക്ക് കൂടുതൽ സാങ്കേതിക മുന്നേറ്റത്തിന് വഴിതെളിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
എന്താണ് മൂൺബേസ് പദ്ധതി
ചന്ദ്രനിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുകയെന്നതാണ് മൂൺബേസ് പദ്ധതിയുടെ ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപത്തായി മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന മൂൺബേസ് നിർമിക്കാനാണു നാസ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രികർക്കും റോബോട്ടുകൾക്കും ദീർഘകാലം ഇവിടെ താമസിച്ചു പഠനങ്ങൾ നടത്താനും ചന്ദ്രനിലെ വിഭവങ്ങൾ കണ്ടെത്താനും ഈ കേന്ദ്രം സഹായിക്കും.
വർഷങ്ങളെടുത്ത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ പദ്ധതി, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണവും ചെലവേറിയതുമായ എൻജിനിയറിംഗ് ദൗത്യങ്ങളിലൊന്നായിരിക്കും.
സാമ്പത്തികപ്രതിസന്ധിയും ബജറ്റ് വെട്ടിക്കുറയ്ക്കലും നേരിടുന്ന നാസയ്ക്കു പദ്ധതി ഒറ്റയ്ക്കു നടപ്പിലാക്കാൻ കഴിയില്ല. അതിനാലാണ് ഐഎസ്ആർഒ ഉൾപ്പടെയുള്ള മറ്റു ബഹിരാകാശഏജൻസികളെയും പദ്ധതിയുടെ ഭാഗമാക്കുന്നത്.
ഇന്ത്യക്ക് ലഭിക്കുന്ന നേട്ടങ്ങൾ
മൂൺബേസ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് നിരവധി നേട്ടങ്ങളാണ് ഉണ്ടാകുന്നത്. സാങ്കേതിക മുന്നേറ്റമാണ് ഇതിൽ പ്രധാനം. സ്വന്തമായി ഇത്തരം സങ്കീർണമായ ദൗത്യങ്ങൾ നടപ്പിലാക്കാൻ വലിയ തുകയും പതിറ്റാണ്ടുകളുടെ സമയവും ആവശ്യമാണ്. എന്നാൽ, നാസയുമായി സഹകരിക്കുന്നതിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ അത്യാധുനിക സാങ്കേതികവിദ്യ കൈവരിക്കാൻ ഇസ്രോയ്ക്ക് കഴിയും.
ചന്ദ്രനിൽ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതി നേരത്തേ ഇസ്രോ വിഭാവനം ചെയ്തിരുന്നു. എന്നാൽ ഭീമമായ ചെലവ് ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തിവച്ചേക്കാം. ഇത്തരം പങ്കാളിത്ത ദൗത്യങ്ങൾ ഇതിനു പരിഹാരമാണ്. നാസയുമായുള്ള ഈ ബഹിരാകാശ സഹകരണം ഇസ്രോയ്ക്കുമുന്നിലുള്ള വലിയൊരു അവസരമാണ്. ഇത് ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങൾക്ക് വേഗം കൂട്ടുകയും മറ്റു മേഖലകളിലേക്ക് ഇതിന്റെ ഗുണഫലങ്ങൾ വ്യാപിപ്പിക്കുകയും ചെയ്യും.
Tags : Deepika DeepikaNewspaper BreakingNews ISRO to join with NASA