പാലക്കാട്: റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചു വയസുകാരനു ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. പെരുങ്ങോട്ടുകുറിശി പരുത്തിപ്പുള്ളിയിലെ സ്വകാര്യ റിസോർട്ടിലാണു സംഭവം. കൊടുങ്ങല്ലൂർ എരിശേരി പടിയത്ത് അറപ്പപ്പുറത്ത് വീട്ടിൽ ബിനാസിന്റെ മകൻ റിഹാൻ അഹമ്മദ് ആണു മരിച്ചത്.
ബുധനാഴ്ച രാത്രി 7.10ഓടെയാണ് അപകടം. വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു കുടുംബം. റിഹാനും സഹോദരൻ ഏഴു വയസുകാരൻ ഫർഹാനും കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിലേക്കു വീഴുകയായിരുന്നു. കുട്ടികൾ പുറത്ത് കളിക്കുകയാണെന്ന ധാരണയിലായിരുന്നു രക്ഷിതാക്കൾ.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കുളത്തിൽ കണ്ടെത്തിയത്. ഇരുവരെയും ഉടൻ കരയ്ക്കെടുത്ത് പ്രാഥമികശുശ്രൂഷ നൽകിയതോടെ ഫർഹാനു ബോധം വീണ്ടെടുക്കാനായി. എന്നാൽ, ഗുരുതരാവസ്ഥയിലായിരുന്ന റിഹാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഫൈസയാണ് അമ്മ.
Tags : Deepika DeepikaNewspaper BreakingNews Five-year old dies after falling swimming pool