ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരത്തെ ചൊല്ലി പരസ്പരം കുറ്റപ്പെടുത്തി ബിജെപിയും കോൺഗ്രസും. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിക്കാനുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ തീരുമാനം പ്രീണന രാഷ്ട്രീയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.
എന്നാൽ ബിജെപി വ്യാജ ദേശീയവാദികളാണെന്നും ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വിവാദവുമായി എത്തുന്നതെന്നും കോൺഗ്രസ് തിരിച്ചടിച്ചു.
കോൺഗ്രസിന്റെ നീക്കം രാജ്യത്തെ വീണ്ടും വിഭജിക്കുന്നതിലേക്ക് നയിച്ച മുൻകാല തെറ്റുകളുടെ ആവർത്തനമാണെന്ന് അമിത് ഷാ ആരോപിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തെ മാത്രമല്ല സ്വാതന്ത്ര്യസമരത്തിൽ ജീവൻ വെടിഞ്ഞ ലക്ഷക്കണക്കിന് ആളുകളെയും അപമാനിക്കുന്നതാണ് കോൺഗ്രസ് നിലപാടെന്നും അമിത് ഷാ പറഞ്ഞു.
പേപ്പർ ചോർച്ച, വഴിവിട്ട സംഭാവനകൾ, അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ യഥാർഥ പ്രശ്നങ്ങൾ വിവാദം സൃഷ്ടിച്ച് മോദി സർക്കാർ വഴിതിരിച്ചു വിടുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. 1937 മുതൽ 90 വർഷത്തിലേറെയായി തങ്ങൾ വന്ദേമാതരം ആലാപനം തുടരുന്നുണ്ടെന്നും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലാത്ത ബിജെപിക്ക് ഇത് രാഷ്ട്രീയ വിഷയമാണെന്നും അദ്ദേഹം ആരോപിച്ചു.
ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ നേതാക്കൾ അടങ്ങിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽനിന്ന് ഒരടി പിന്നോട്ടില്ലെന്ന് ബുധനാഴ്ച ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews BJP-Congress fight continues