ദേശീയപാത
തിരുവനന്തപുരം: ദേശീയപാതയോരത്തെ നിര്‍മാണം ഉള്‍പ്പെടെയുള്ള ഭൂവിനിയോഗം നിരോധിച്ചുകൊണ്ടുള്ള വിധിക്കെതിരേ കേരള സര്‍ക്കാര്‍ പുനഃപരിശോധനാ ഹർജി നല്‍കും. ദേശീയപാതയ്ക്കു സമീപം കെട്ടിട നിര്‍മാണത്തിനു പാര്‍പ്പിട ഉപയോഗത്തിന് 40 മീറ്ററിനുള്ളിലും വാണിജ്യ ഉപയോഗത്തിന് 75 മീറ്ററിനുള്ളിലുമാണ് സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതോടെ ലക്ഷക്കണക്കിന് സാധാരണക്കാരാണ് വഴിയാധാരമായത്. 2025 നവംബര്‍ 2, 3 തീയതികളിലായി രാജസ്ഥാനിലെ ഫലോഡിയിലും തെലുങ്കാനയിലെ രംഗറെഡ്ഡിയിലും ഉണ്ടായ തുടര്‍ച്ചയായ റോഡപകടങ്ങളില്‍ 34 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നു സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ അമിക്കസ് ക്യൂറിയും സോളിസിറ്റര്‍ ജനറലും സംയുക്തമായി നല്കിയ നിര്‍ദേശങ്ങളും ശിപാര്‍ശകളും പരിഗണിച്ചാണ് സുപ്രീംകോടതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് ഉത്തരവിറക്കിയത്.
മറ്റു സംസ്ഥാനങ്ങളെ പോലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമല്ല കേരളമെന്നും 2011ലെ സെന്‍സസ് പ്രകാരം ചതുരശ്ര കിലോമീറ്ററിന് 860 പേര് എന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമാണെന്നും ചതുരശ്ര കിലോമീറ്ററിന് 200 പേര് മാത്രമുള്ള സംസ്ഥാനങ്ങളുമായി ഒന്നിച്ചുചേര്ത്തതു സംസ്ഥാനത്തെ പ്രതികൂല സാഹചര്യത്തിലാക്കുന്നുവെന്നും കേരളം പുനഃപരിശോധന ഹർജിയില്‍ ചൂണ്ടിക്കാട്ടും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഓണാവധിക്കുശേഷം പുനഃപരിശോധനാ ഹർജി നല്‍കാനാണ് തീരുമാനം.
സുപ്രീംകോടതിവിധി വന്നതോടെ കേരളത്തില്‍ ദേശീയപാതയുടെ സമീപത്തുള്ളവരാണ് വെട്ടിലായത്. ദേശീയ പാത നിര്‍മാണത്തിനായി ഭൂമി വിട്ടു നല്‍കിയതിനു ശേഷം രണ്ടും മൂന്നൂം സെന്റുകളിലൊതുങ്ങിയ സാധാരണക്കാര്‍ക്കാണ് വിധി തിരിച്ചടിയായത്. പെട്ടിക്കട പോലും സ്വന്തം ഭൂമിയില്‍ വയ്ക്കാന്‍ സാധിക്കാത്ത രീതിയിലാണ് കോടതി ഉത്തരവുണ്ടായത്. കുടാതെ ദേശീയ പാതയോരത്തിനു സമീപമുള്ള ചെറിയ പ്ലോട്ടുകള്‍ വാങ്ങാനും ഇപ്പോള്‍ ആളില്ലാതായി.
Tags : Deepika DeepikaNewspaper BreakingNews Construction ban national highways