ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിനെത്തുടർന്ന് ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന് അഞ്ചംഗ ഉന്നതാധികാര അന്വേഷണ സമിതിക്ക് സുപ്രീംകോടതി രൂപം നൽകി.
സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ആർ. സുഭാഷ് റെഡ്ഢി അധ്യക്ഷനായ സമിതിയിൽ, പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശാലിന്ദർ കൗർ, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി ഡോ. എൽ.ആർ. ബിഷ്ണോയ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സമിതി ഇടക്കാല അന്വേഷണ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി തുടർനടപടികൾ സ്വീകരിക്കും.
ലൈംഗികാതിക്രമ പരാതികൾക്കു മുൻഗണന
പ്രതിഷേധക്കാർക്കെതിരേ പോലീസും മറ്റ് സുരക്ഷ ഏജൻസികളും നടത്തിയ അതിക്രമം, പെല്ലറ്റ് തോക്ക് പ്രയോഗം, അറസ്റ്റ് ചെയ്യുമ്പോഴും ബലം പ്രയോഗിക്കുമ്പോഴും പോലീസുകാർ കൃത്യമായ യൂണിഫോമും നെയിംപ്ലേറ്റും ധരിക്കാത്തത്, വനിതാ പ്രക്ഷോഭകർക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ, ഇരകൾക്കു നൽകിയ വൈദ്യസഹായത്തിന്റെ അപര്യാപ്ത തുടങ്ങിയവ ഉന്നതാധികാര സമിതിയുടെ അന്വേഷണപരിധിയിൽ വരും.
ഇതോടൊപ്പം പ്രതിഷേധക്കാർ പോലീസിനുനേരേ നടത്തിയ അതിക്രമങ്ങളും പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വിഷയങ്ങളും സമിതി അന്വേഷിക്കുമെന്ന് കോടതി വ്യക്തമാക്കി. വനിതാ പ്രതിഷേധക്കാർക്കെതിരേ ലൈംഗിക അതിക്രമങ്ങൾ ഉണ്ടായെന്ന ഹർജിക്കാരുടെ പരാതി മുൻഗണനാടിസ്ഥാനത്തിൽ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.
ഇടക്കാല നഷ്ടപരിഹാരവും നിർദേശിക്കാം
പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാർക്കു വരുത്തിയ ഗുരുതര പരിക്കുകളെക്കുറിച്ചും അതിന് ഉത്തരവുകൾ നൽകിയ ഉദ്യോഗസ്ഥരെക്കുറിച്ചും സമിതി അന്വേഷിക്കണം. ഒപ്പം പരിക്കേറ്റ പോലീസുകാർക്കും പ്രതിഷേധക്കാർക്കും ഇടക്കാല നഷ്ടപരിഹാരം നൽകുന്ന കാര്യവും സമിതിക്കു നിർദേശിക്കാം.കൂടാതെ, സമിതി അധ്യക്ഷൻ നിശ്ചയിക്കുന്നതനുസരിച്ച് ഹർജിക്കാർക്കു പരാതികൾ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
കുറ്റം ചെയ്തവർ ആരായാലും തക്കതായ ശിക്ഷ ലഭിക്കുമെന്ന് ചൊവ്വാഴ്ച കേസ് പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കേസിലെ ഭരണഘടനാപരമായ ചോദ്യങ്ങൾ ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി പിന്നീട് തീർപ്പാക്കും.
Tags : Deepika DeepikaNewspaper BreakingNews Supreme Court forms high-powered