x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുർക്കിയിലേക്ക് ആയുധവുമായി പോയ ചരക്കുകപ്പൽ സൊമാലിയൻ കൊള്ളക്കാർ റാഞ്ചി; കപ്പലിൽ ആറ് ഇന്ത്യക്കാർ

വെബ് ഡെസ്ക്
Published: August 21, 2026 07:23 AM IST | Updated: August 21, 2026 07:23 AM IST

പ്രതീകാത്മക ചിത്രം

മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. കാമറൂൺ പതാക ഘടിപ്പിച്ച 'എംവി ലുതുഫ്' എന്ന കപ്പലാണ് കഴിഞ്ഞ തിങ്കളാഴ്ച പൻഡ്‌ലാൻഡ് തീരത്തിനു സമീപംവച്ച് അക്രമികൾ തട്ടിയെടുത്തത്.

തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും അത്യാധുനിക വാർത്താവിനിമയ–ഉപഗ്രഹ സംവിധാനങ്ങളുമായി സഞ്ചരിക്കുകയായിരുന്ന കപ്പലാണ് ഇപ്പോൾ കൊള്ളക്കാരുടെ നിയന്ത്രണത്തിലുള്ളത്.

പൻഡ്‌ലാൻഡിലെ ഐൽ ജില്ലയിൽനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെവച്ചാണ് സംഭവം. പോളാർ മൂവ്‌മെന്‍റ് ഷിപ്പിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ, മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു.

കപ്പലിലെ ആകെ പത്ത് ജീവനക്കാരിൽ ആറു പേരും ഇന്ത്യക്കാരാണ്. ഇവരെക്കൂടാതെ ഒരു തുർക്കി പൗരൻ, ഒരു ജോർജിയൻ പൗരൻ, രണ്ട് സെർബിയൻ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരാണ് കപ്പലിലുള്ളത്. ജീവനക്കാരുടെ നിലവിലെ സുരക്ഷാ സ്ഥിതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.

കപ്പൽ തട്ടിയെടുത്ത ശേഷം നഗ്ഗൽ തീരത്തേക്കു മാറ്റിയതായി സൊമാലിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 26ന് "എംവി സ്വാഡ്' എന്ന കപ്പൽ തട്ടിക്കൊണ്ടുപോയ അതേ സംഘത്തിലെ എട്ട് കടൽക്കൊള്ളക്കാരാണ് ഈ റാഞ്ചലിനു പിന്നിലുമെന്നാണ് വിവരം.

Tags : CargoShip Weapons Turkey Indians Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up