പ്രതീകാത്മക ചിത്രം
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ യുവതിയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ അയൽവാസി ലളിതയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയുന്ന ലളിതയുടെ ഭർത്താവ് ധർമ്മേന്ദ്രയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഹാർ സ്വദേശിനി പ്രീതി (23)യുടെ ശരീരത്തിലാണ് ദമ്പതികൾ തിളച്ച വെള്ളം ഒഴിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടത്.
രണ്ട് വർഷം മുൻപ് വിവാഹിതയായ പ്രീതി, ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അയൽക്കാരായ ധർമ്മേന്ദ്ര, ലളിത എന്നിവരുടെ വീട്ടിലായിരുന്നു താമസം. സംഭവം നടക്കുന്ന ദിവസം ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മേൽ ഇവർ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. ആക്രമത്തിൽ പ്രീതിയുടെ ശരീരത്തിൽ ഏകദേശം 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റതിന് ശേഷം ചികിത്സ തേടാൻ അനുവദിക്കാതെ യുവതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മുറിയിൽ പൂട്ടിയിടുകയുമായിരുന്നു.
തുടർന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ മോചിപ്പിച്ചത്. ആദ്യം ബി.കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ കേസെടുത്ത പോലീസ് ലളിതയെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ ധർമ്മേന്ദ്രയ്ക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രീതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Tags : Deepika BreakingNews BoilingWater Woman