പ്രതീകാത്മക ചിത്രം.
കൊല്ലം: മുണ്ടയ്ക്കല്‍ പാപനാശം കടല്‍ത്തീരത്ത് ശക്തമായ തിരയില്‍പ്പെട്ടു പുരുഷനും സ്ത്രീയും മരിച്ചു. മടവൂര്‍ പള്ളിക്കല്‍ സ്വദേശി ഒമനക്കുട്ടന്‍ (50), പരവൂര്‍ കുറുമണ്ടല്‍ പുഞ്ചിറക്കുളം സൂര്യാസില്‍ ആര്‍. ലതിക (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയാണ് ദാരുണമായ സംഭവം. മുണ്ടയ്ക്കല്‍ പാപനാശത്തെ പുലിമുട്ടുകള്‍ക്കിടയിലെ മണല്‍പ്പരപ്പില്‍ ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയില്‍ ഇരുവരും കടലിലേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന സ്ഥലത്തു മറ്റാരും ഉണ്ടായിരുന്നില്ല. അതിനാല്‍ ഇരുവരും തിരയില്‍പ്പെട്ട വിവരം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കള്‍ സംഭവം അറിഞ്ഞത്. യുവാക്കള്‍ ഉടന്‍ കടലില്‍ ഇറങ്ങി ഇരുവരെയും കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് സിപിആര്‍ നല്‍കുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
ഇരുവരും എത്തിയ ബൈക്ക് അപകടത്തിനു ശേഷം റോഡരികില്‍ കണ്ടെത്തി. ബൈക്കില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags : Kollam Beach Waves accident Death Deepika DeepikaNewspaper BreakingNews NewsUpdate Headlines