രാഹുൽ ഗാന്ധി പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ
ന്യൂഡൽഹി: പരീക്ഷ ക്രമക്കേടിന് തുടർന്ന് ജൂലൈ 20ന് നടന്ന പാർലമെന്‍റ് മാർച്ചിൽ പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർഥിക്കൊപ്പം ഡൽഹി പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു മുന്നിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ധർണ. വിദ്യാർഥിയുടെ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ധർണ ഇരിക്കുന്നത്.
14-ാം തീയതി സാഹിൽ തന്‍റെ അഭിഭാഷകനൊപ്പം ഡൽഹി പോലീസിനെ സമീപിച്ച് രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ പരാതി സ്വീകരിച്ചതായി രേഖകളൊന്നും പോലീസ് കൈമാറിയില്ല. 17-ാം തീയതി ഇ-മെയിൽ വഴിയും ഫോൺ വഴിയും പരാതി നൽകാൻ ശ്രമിച്ചെങ്കിലും ഐ/ഓ നമ്പറോ പരാതി ലഭിച്ചതായുള്ള രസീതോ പോലീസ് നൽകിയില്ല. തുടർന്നാണ് രാഹുൽ വിഷയത്തിൽ ഇടപെടൽ നടത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെ ആദ്യം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്ന് അദ്ദേഹം ഡിസിപിയെ കാണുകയും പരാതി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായില്ല.
തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലെ ഡിസിപി ഓഫീസിന് മുന്നിൽ ധർണയിരിക്കാൻ രാഹുൽ തീരുമാനിച്ചത്. പോലീസിന്‍റെ പെല്ലറ്റ് തോക്ക് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബവും രാഹുലിനൊപ്പമുണ്ട്. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതോടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട 19കാരനാണ് സാഹിൽ. എന്നിട്ടും എന്തുകൊണ്ട് പോലീസ് കേസെടുക്കുന്നില്ല എന്നാണ് രാഹുൽ ചോദിക്കുന്നത്.
വിദ്യാർഥി പ്രതിഷേധത്തിൽ പോലീസ് അതിക്രമം സജീവമാക്കി നിർത്തുന്നതിന്‍റെ ഭാഗമായാണ് രാഹുൽ രാഹുൽ വീണ്ടും രംഗത്ത് ഇറങ്ങിയത്. ഈ മാസം 13ന് അവസാനിച്ച പാർലമെന്‍റിന്‍റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിദ്യാർഥി അതിക്രമം പ്രതിപക്ഷം ആയുധമാക്കിയിരുന്നു.
പെല്ലറ്റ് തോക്ക് ആക്രമണത്തിന് അനുമതി നൽകിയത് ആരാണെന്ന് പ്രതിപക്ഷം പലവട്ടം ചോദ്യം ഉന്നയിച്ചിട്ടും കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ സുപ്രീംകോടതി അഞ്ചംഗ സമിതിയെ രൂപീകരിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ വിദ്യാർഥി പ്രതിഷേധത്തിൽ പ്രധാന മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ രാഹുലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
Tags : RahulGandhi PoliceStation PelletGunAttack CJP Protest