മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ഇസ്ലാമാബാദ്: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെയാണ് ഇമ്രാൻ ഖാനെ ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹത്തെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. നേത്രരോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതിനായി സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു 73കാരനായ ഇമ്രാൻ ഖാനെ ആശുപത്രിയിലേക്ക് മാറ്റിയത്.
കനത്ത സുരക്ഷയ്ക്കിടെ പോലീസ് അകമ്പടിയോടെയാണ് അദിയാല ജയിലിൽ നിന്ന് ആശുപത്രിയിലെത്തിച്ചത്. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ ജയിലിലാണ്. വിവിധ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തടവിലാക്കിയത്. എന്നാൽ കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അനുയായികളും ആരോപിക്കുന്നത്.
കഴിഞ്ഞ ഏഴ് മാസമായി കുടുംബാംഗങ്ങൾക്കും ഡോക്ടർമാർക്കും അഭിഭാഷകർക്കും ഇമ്രാനെ കാണാൻ അനുമതി ലഭിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി 85 ശതമാനം നഷ്ടമായതായി നേരത്തെ അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Tags : Imran Khan Islamabad Adiala Jail Hospital