അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പ് ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച 2020ൽ തന്നെ സംഭാവന കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് സ്വകാര്യ ഓഡിറ്റ് സ്ഥാപനം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പണം വിനിയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡവും നിയതമായ രീതിയും വേണമെന്ന ഓഡിറ്ററുടെ നിർദേശങ്ങൾ ഭാരവാഹികൾ പൂർണമായി അവഗണിക്കുകയായിരുന്നു.
പണമായി ലഭിച്ച 3,500 കോടി രൂപയ്ക്കും പുറമെ വലിയ തോതിൽ ലഭിച്ച സ്വർണം, വെള്ളി എന്നിവയ്ക്കും കൃത്യമായ സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. വലിയ തുകകളും സ്വർണ്ണവും സംഭാവന നൽകിയ പ്രമുഖ വ്യവസായികൾ തന്നെ ഇപ്പോൾ ട്രസ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
സിന്ധി സമുദായത്തിന് വേണ്ടി രണ്ട് കോടി രൂപ വിലമതിക്കുന്ന 200 വെള്ളി ഇഷ്ടികകൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് നേരിട്ട് നൽകിയിട്ടും തനിക്ക് യാതൊരുവിധ രസീതും ലഭിച്ചില്ലെന്ന് വ്യവസായി ഡോ. രാജു മാൻവാനി വെളിപ്പെടുത്തി. ഈ വെള്ളി ഇഷ്ടികകൾ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് കിലോ വെള്ളി ഹാരവും പാദുകങ്ങളും സമർപ്പിച്ച മുംബൈ വ്യവസായി അനിൽ വിശ്വകർമയ്ക്കും ട്രസ്റ്റ് രസീത് നൽകിയിരുന്നില്ല. വൻതുക സംഭാവന നൽകിയ വ്യവസായികളുടെ മൊഴിയെടുത്ത് അന്വേഷണം ശക്തമാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. തട്ടിപ്പിലും ക്രമക്കേടിലും പങ്കുള്ള എല്ലാവർക്കുമെതിരെ കേസെടുക്കാൻ അന്വേഷണസംഘം ശിപാർശ ചെയ്തിട്ടുണ്ട്.
അഴിമതി ആരോപണത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ തള്ളി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ട്രസ്റ്റിലെ ആര് കുറ്റം ചെയ്താലും ആ വ്യക്തി ശിക്ഷിക്കപ്പെടണമെന്ന് വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വ്യക്തമാക്കി. അതേസമയം, ദൈവത്തിന്റെ പേരിൽ ബിജെപി ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയാണെന്ന് സി.പി.എം ആരോപിച്ചു.
Tags : Ayodhya SIT Latest News