ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം. ഇന്ത്യയുടെ എഥനോൾ മിശ്രിത പദ്ധതി ഉപഭോക്താക്കൾക്ക് പൂർണമായും സുരക്ഷിതമാണെന്നും ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കുന്നതെന്നും സർക്കാർ ചൊവ്വാഴ്ച അറിയിച്ചു.
എഥനോൾ കലർന്ന ഇന്ധനം ഉപയോഗിക്കുന്നത് ഇൻഷുറൻസ് ക്ലെയിമുകളെ ബാധിക്കുമെന്ന പ്രചാരണം മന്ത്രാലയം ബന്ധപ്പെട്ട പങ്കാളികളുമായി പരിശോധിച്ച് വ്യാജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പെട്രോളിൽ എഥനോൾ ചേർക്കുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രീതിയാണ്. അമേരിക്ക, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ബ്രസീലിൽ വർഷങ്ങളായി ഇ27 ആണ് സാധാരണ പെട്രോൾ മിശ്രിതമായി ഉപയോഗിക്കുന്നത്.
എഥനോൾ മിശ്രിത പദ്ധതിയിലൂടെ അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇതിലൂടെ ഇതുവരെ 1.4 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ രാജ്യത്തിന് കഴിഞ്ഞു. എഥനോൾ ഉത്പാദനത്തിനായി കാർഷിക അസംസ്കൃത വസ്തുക്കൾ വൻതോതിൽ ഉപയോഗിക്കുന്നത് വഴി ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും കർഷകർക്കും സ്ഥിരമായ വരുമാന മാർഗം ഉറപ്പാക്കാൻ ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറച്ച് ഹരിത ഇന്ധനങ്ങളിലേക്ക് മാറുന്നതിനും എഥനോൾ മിശ്രിത പദ്ധതി അത്യന്തം നിർണായകമാണെന്നാണ് സർക്കാർ വീണ്ടും വ്യക്തമാക്കുന്നത്.
Tags : Hardeep Singh Puri E20 Fuel Etanol petrol Latest News