ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയ പ്രക്രിയയ്ക്കെതിരെ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് വീണ്ടും വ്യാപക പരാതികൾ ഉയരുന്നു. തങ്ങൾ അപേക്ഷ നൽകാത്ത വിഷയങ്ങളിൽ പോലും പുനർമൂല്യനിർണയം നടത്തുകയും അതിലൂടെ മാർക്ക് കുറയ്ക്കുകയും ചെയ്തു എന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആക്ഷേപം.
സിബിഎസ്ഇയുടെ ഈ നടപടിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം. അപേക്ഷിക്കാത്ത പേപ്പറുകളിൽ മാർക്ക് കുറച്ചതിനൊപ്പം, കൃത്യമായി അപേക്ഷ നൽകിയ ചില പേപ്പറുകളിൽ ബോർഡ് പുനർമൂല്യനിർണയം നടത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്കായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരിൽ 87 ശതമാനം പേരുടെയും ഫലപ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയതായി സിബിഎസ്ഇ അറിയിച്ചിരുന്നു. ബാക്കിയുള്ള 13 ശതമാനം വിദ്യാർത്ഥികളുടെ ഫലം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ബോർഡ് അറിയിച്ചിട്ടുള്ളത്.
എന്നാൽ നിലവിലെ ഫലപ്രഖ്യാപനത്തിലെ അപാകതകൾ വിദ്യാർത്ഥികളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
Tags : CBSE revaluation Latest News