പൂനെ: സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ട ഒരു പ്രണയവും ആഡംബര വിവാഹ നിശ്ചയവും ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കേതൻ വിശാൽ അഗർവാളിനെ (26), പ്രതിശ്രുത വധു സിയ ഗോയലും (20) രഹസ്യ കാമുകൻ ചേതൻ ചൗധരിയും (22) ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിലെ 400 അടി താഴ്ചയുള്ള മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു കേതന്റെയും സിയയുടെയും വിവാഹനിശ്ചയം. രാജസ്ഥാനിലെ ഉദയ്പുരിൽ കോടികൾ വിലമതിക്കുന്ന കൊട്ടാരം ബുക്ക് ചെയ്തും, അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പെടുത്തിയും വൻ ആഡംബരത്തോടെ നവംബറിൽ നടത്താനിരുന്ന വിവാഹമായിരുന്നു ഇത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ കേതനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളും ഹൃദയസ്പർശിയായ കുറിപ്പുകളും പങ്കുവച്ച് ലോകത്തെ മുഴുവൻ വിശ്വസിപ്പിച്ച സിയയുടെ മനസിൽ മറ്റൊരു ക്രൂരമായ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്.
ജൂൺ 18-നാണ് ട്രെക്കിംഗിനിടെ ശക്തമായ കാറ്റിൽ കേതൻ കാലുതെറ്റി മലയിടുക്കിലേക്ക് വീണതായി സിയ പോലീസിനെ അറിയിച്ചത്. തന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായുള്ള യാത്രയിലായിരുന്നു ഈ അപകടം എന്നായിരുന്നു ഇവരുടെ വാദം. കേതൻ മികച്ച ഒരു ട്രെക്കർ ആയിരുന്നതിനാലും, മരണവിവരം അറിഞ്ഞിട്ടും സിയയുടെ മുഖത്ത് യാതൊരു സങ്കടവും ഭാവവ്യത്യാസവും ഉണ്ടാകാതിരുന്നതിനാലും കേതന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സിയയും അവളുടെ കാമുകൻ ചേതനും തമ്മിൽ ആറുമാസത്തിനിടെ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായി കണ്ടെത്തി. കുടുംബം നിർബന്ധിച്ച് നടത്തിയ ഈ വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നു. കേതനെ ഒഴിവാക്കാനായി ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
നേരത്തെ ബാലിയിലേക്ക് നടത്താനിരുന്ന പ്രീ-വെഡ്ഡിംഗ് ഷൂട്ട് ഒഴിവാക്കാനായി സിയ വിമാനത്താവളത്തിൽ വെച്ച് കേതന്റെ പാസ്പോർട്ട് ഒളിപ്പിച്ചു. തുടർന്ന് ജൂൺ 14-ന് ഇതേ കോട്ടയിൽ വെച്ച് പാമ്പിനെ കാട്ടി ഭയപ്പെടുത്തി കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും അന്ന് കേതൻ ചെടികളിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ ജൂൺ 18-ന് കാമുകനെക്കൂടി കോട്ടയിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് കേതനെ താഴേക്ക് തള്ളിയിടുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
Tags : Ketan Agarwal PUNE Love Story Betrayal Murder