കാണാതായ അബ്ദുൾ റഷീദ്
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ എഎസ്ഐയെ കാണാനില്ലെന്ന് പരാതി. ബാലുശേരി പൂരത്തുവീട്ടിൽ അബ്ദുൾ റഷീദിനെയാണ് ബുധനാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നൽകിയിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആറരയോടെ മകളുമായി ബൈക്കിൽ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു റഷീദ്. തുടർന്ന് മകളെ ബാലുശേരി സ്റ്റാൻഡിൽ ഇറക്കി. ഇതിനുശേഷമാണ് അബ്ദുൾ റഷീദിനെ കാണാനില്ലെന്ന് പരാതിയുള്ളത്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ റഷീദ് തച്ചംപോയിൽ എന്ന സ്ഥലംവരെ ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. എന്നാൽ തുടർന്ന് ഇയാൾ എങ്ങോട്ട് പോയി എന്നത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല.
അബ്ദുൾ റഷീദിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൈസൂരുവിൽ നിന്നുള്ള അവസാന ലൊക്കേഷൻ ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പോലീസ് സംഘം മൈസൂരുവിലേയ്ക്ക് തിരിച്ചിട്ടുണ്ട്.
Tags : kerala police missing case ASI mukkam