ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള തർക്ക മന്ദിരമായ ഭോജ്ശാല-കമാൽ മൗല മസ്ജിദ് സമുച്ചയം ക്ഷേത്രമാണെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഹിന്ദു സമൂഹത്തിന് ഇവിടെ തടസമില്ലാതെ ആരാധന നടത്താൻ പുരാവസ്തു വകുപ്പ് അനുമതി നൽകി. ശനിയാഴ്ച മുതലാണ് ഹിന്ദു ഭക്തർക്ക് സമുച്ചയത്തിനുള്ളിലേക്ക് പൂർണമായ പ്രവേശന സ്വാതന്ത്ര്യം എഎസ്ഐ അനുവദിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തർക്ക മന്ദിരത്തിൽ വെള്ളിയാഴ്ചകളിൽ മുസ്ലിംകൾക്ക് നമസ്കാരത്തിന് അനുമതി നൽകിക്കൊണ്ട് 2003 ഏപ്രിൽ ഏഴിന് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് വെള്ളിയാഴ്ച മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുരാവസ്തു വകുപ്പിന്റെ അടിയന്തര നടപടി. വർഷങ്ങളായി തുടരുന്ന തർക്കങ്ങൾക്കാണ് ഹൈക്കോടതിയുടെ പുതിയ വിധിയിലൂടെയും എഎസ്ഐയുടെ നടപടിയിലൂടെയും ഇപ്പോൾ നിർണായക വഴിത്തിരിവുണ്ടായിരിക്കുന്നത്.