District News
ചെങ്ങന്നൂർ: യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെങ്ങന്നൂർ നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു. മുതിർന്ന മഹിളാ കോൺഗ്രസ് നേതാവ് പൊന്നമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജാ ജോൺ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണം വീടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിൽ പ്രത്യേക വനിതാ സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനം നടത്താൻ യോഗം തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജൂണി കുതിരവട്ടം, ജനറൽ കൺവീനർ അഡ്വ. ഡി. നാഗേഷ് കുമാർ, തെരഞ്ഞെടുപ്പ് ഏജന്റ് അഡ്വ. കെ.ആർ. സജീവൻ, ചീഫ് കോ-ഓർഡിനേറ്റർ പി.വി. ജോൺ എന്നിവർ പ്രസംഗിച്ചു.
District News
ചെങ്ങന്നൂർ: ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ നാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പേറുന്ന അവൽനേർച്ച നാളെ നടക്കും. രാവിലെ പത്തിന് പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷമാണ് വിശ്വാസികൾക്കായി നേർച്ച അവൽ വിതരണം ചെയ്യുന്നത്.
അക്കാമ്മ വല്യമ്മച്ചി പകർന്നുനൽകിയ സ്നേഹക്കൂട്ടായ്മ
നാനൂറിൽപരം വർഷങ്ങൾക്കുമുമ്പ് മുക്കത്ത് തറവാട്ടിലെ അക്കാമ്മ വല്യമ്മച്ചി ആരംഭിച്ച ലളിതമായൊരു ആചാരമാണ് ഇന്ന് നാടിന്റെ മുഴുവൻ നേർച്ചയായി മാറിയത്. പണ്ട് പെസഹ വ്യാഴാഴ്ച വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ തനിക്ക് കഴിക്കാനായി മടിക്കുത്തിൽ കരുതിയിരുന്ന അവൽ, കുർബാന കഴിഞ്ഞ് പള്ളിമുറ്റത്തുള്ളവരുമായി പങ്കുവച്ചു കഴിക്കുന്ന പതിവ് വല്യമ്മച്ചിക്കുണ്ടായിരുന്നു.
1901-ൽ മുക്കത്ത് കുടുംബയോഗം രൂപീകരിച്ചതോടെ ഈ ആചാരം പിൻതലമുറ ഏറ്റെടുക്കുകയും വിപുലമായ രീതിയിൽ അവൽനേർച്ചയായി നടത്തിവരികയും ചെയ്യുന്നു.
എട്ടു നാക്കുള്ള ചിരവയും അപൂർവ ചടങ്ങുകളും
അവൽ നേർച്ചയിലെ ഏറ്റവും വലിയ പ്രത്യേകത തേങ്ങ തിരുമ്മാൻ ഉപയോഗിക്കുന്ന എട്ടു നാക്കുള്ള ചിരവയാണ്. ഒറ്റത്തടിയിൽ തീർത്ത ഈ അപൂർവ ഉപകരണം വർഷത്തിലൊരിക്കൽ പെസഹായുടെ തലേദിവസം മാത്രമാണ് പുറത്തെടുക്കുന്നത്. ജാതിമതഭേദമെന്യേ നൂറുകണക്കിന് ആളുകളാണ് ഈ ചിരവയിൽ തേങ്ങ തിരുമ്മുന്ന ചടങ്ങിൽ പങ്കാളികളാകാൻ പള്ളിയിലെത്തുന്നത്.
ഒരുക്കങ്ങൾ ഇങ്ങനെ:
അവൽ: 320 കിലോ
തേങ്ങ: വിശ്വാസികൾ വീടുകളിൽനിന്ന് നൽകുന്ന 1500 എണ്ണം
ശർക്കര: 14 പാട്ട
കൂടാതെ വിവിധ സുഗന്ധവ്യഞ്ജനങ്ങളും ചേർത്താണ് ഈ വിഭവം തയാറാക്കുന്നത്.
ഇന്ന് വൈകുന്നേരം ആരംഭിക്കുന്ന തയാറെടുപ്പുകൾ നാളെ പുലർച്ചെ ആറിനാണ് പൂർത്തിയാകുന്നത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം വൈദികൻ ആശീർവദിക്കുന്ന അവൽ വാങ്ങാൻ വിശ്വാസികൾ പ്രത്യേക മേൽമുണ്ട് കരുതുന്നത് ഈ നേർച്ചയുടെ മറ്റൊരു സവിശേഷതയാണ്.
മുക്കത്ത് കുടുംബയോഗം ഭാരവാഹികളായ പുന്നൂസ് ജോർജ് മൂത്തേടത്ത് (പ്രസിഡന്റ്), ജോർജ് ജോസ് നമ്പൂമഠം (സെക്രട്ടറി), മോൻസി കപ്ലാശേരിൽ (ട്രഷറർ), സണ്ണി ജോസഫ് വടക്കേപറമ്പിൽ (ജനറൽ കൺവീനർ), ജോൺസൺ കുറ്റിക്കാട്ടിൽ, അജി ഈപ്പൻ അപ്പിലിമഠം, ജോൺ പാലങ്ങാട്ടിൽ (ജോയിന്റ് കൺവീനർമാർ) എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
District News
ചെങ്ങന്നൂർ: ഇത്തവണ ചെങ്ങന്നൂരിന് ഒരു പ്രത്യേകതയുണ്ട്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ നാട്ടുകാരാണ്. യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസ്, എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ എൻഡിഎ സ്ഥാനാർഥി എം.വി. ഗോപകുമാർ എന്നിവർ ചെങ്ങന്നൂർ മണ്ഡലം നിവാസികൾ തന്നെയാണ്. മൂവരും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന നേതാക്കളാണെന്ന പ്രത്യേകയും ഉണ്ട്.
എബി കുര്യാക്കോസ്(യുഡിഎഫ്)
കെപിസിസി ജനറൽ സെക്രട്ടറിയാണ്. കെഎസ്യുവിലൂടെ പൊതുപ്രവർത്തനം തുടങ്ങി. കെഎസ്യു സംസ്ഥാന കലാവേദി കൺവീനർ, യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി സെക്രട്ടറി എന്നീ നിലകളിലൂടെ പ്രവർത്തിച്ചാണ് കെപിസിസി ജനറൽ സെക്രട്ടറി പദവിയിലെത്തിയത്.
കഴിഞ്ഞ 36 വർഷമായി ചെങ്ങന്നൂർ ബാറിലെ അഭിഭാഷകനാണ്. മികച്ച പ്രാസംഗികനും സംഘാടകനുമാണ്. നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യമേഖലകളിൽ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
സജി ചെറിയാൻ(എൽഡിഎഫ്)
എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തകനായ സജി ചെറിയാൻ 1980ലാണ് സിപിഎം അംഗമാകുന്നത്. പാലിയേറ്റീവ് കെയർ സംഘടനയായ കരുണ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനത്തിലൂടെ അദ്ദേഹത്തിന് സാധാരണക്കാർക്കിടയിൽ വലിയ സ്വാധീനം ഉറപ്പിക്കാനായി.
രണ്ടാം പിണറായി മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചതിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുകയായിരുന്നു.
എം.വി. ഗോപകുമാർ (ബിജെപി)
ചെങ്ങന്നൂരിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണ് എം.വി. ഗോപകുമാര്‍. എബിവിപിയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, ബിജെപിയുടെ സംഘടനാ സംവിധാനതതിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി നേതൃത്വത്തിലേക്കുയര്‍ന്ന ഗോപകുമാര്‍ മണ്ഡലത്തിൽ ബിജെപിക്ക് അവതരിപ്പിക്കാവുന്ന ശക്തനായ സ്ഥാനാർഥിയാണ്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്.
2005 മുതല്‍ 2015വരെ പാണ്ടനാട് പഞ്ചായത്തംഗമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു.
NRI
ചെങ്ങന്നൂർ: പുത്തൻകാവ് മടയ്ക്കൽ പീടികയിൽ തോമസ് എം. കോശി (സണ്ണി - 74) അന്തരിച്ചു. ഹൂസ്റ്റണിലേക്ക് ഈ ആഴ്ച യാത്ര തിരിക്കാനിരിക്കെയാണ് അപകടം.
തൃശൂർ ചാലിശേരി മാർത്തോമ്മാ ഇടവക വികാരി റവ. സുനു ബേബി കോശിയുടെ പിതാവാണ്. സണ്ണിയുടെ ഭാര്യയും മറ്റ് മക്കളും ഹൂസ്റ്റണിലാണ്
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചെങ്ങന്നൂർ കൂത്താട്ടുകുളം ആറൂരിന് സമീപം എംസി റോഡിലാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ മകൻ റവ. സുനു ബേബി കോശിയും ഭാര്യയും ചികിത്സയിലാണ്. രണ്ടു പേരുടെയും പരിക്ക് ഗുരുതരമല്ല.
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതപ്പെടുന്നു.
അപകടത്തിൽ തകർന്ന കാറിൽ നിന്നും പരിക്കേറ്റവരെ ഉടൻതന്നെ കൂത്താട്ടുകുളം ദേവമാത ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും തോമസ് എം. കോശിയുടെ ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചെങ്ങന്നൂർ മാമ്മൻ മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റും.
സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
Kerala
പത്തനംതിട്ട: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിന് അടുത്താണ് പ്രതിഷേധം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ഭരണഘടനയോട് മന്ത്രി നീതിപുലര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ മന്ത്രി സജി ചെറിയാന് ചികിത്സ കൊടുത്താല്‍ മതിയായിരുന്നുവെന്നും ഇപ്പോള്‍ ചങ്ങലയ്ക്ക് ഇടണമെന്നും ജനീഷ് പറഞ്ഞു.
മന്ത്രി സജി ചെറിയാന് മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല. രാജിവച്ച് പുറത്തു പോകണം. മലബാറില്‍ നിന്നല്ലേ ഇഎംഎസ് കടന്നുവന്നത്. സജി ചെറിയാന്റെ പ്രസ്താവന പാലോളി മുഹമ്മദ് കുട്ടി അംഗീകരിക്കുന്നുണ്ടോ. സജി ചെറിയാന് ആളുകളെ എല്ലാം ഒന്നായി കാണാനുള്ള മനസില്ല. മന്ത്രി സജി ചെറിയാന് ചെങ്ങന്നൂരിന് അപമാനമാണ്. മന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് തെരുവില്‍ നേരിടും', ജനീഷ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് സിപിഎമ്മിന് വലിയ പരാജയമാണ് ഉണ്ടായത്. തൂത്തെറിയുന്ന ജനത്തെ സിപിഎം വര്‍ഗീയമായി ചിത്രീകരിക്കുന്നു. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു. കമ്മ്യൂണിസ്റ്റ് പരിവാര്‍ സംഘത്തെ ജനം ചെറുത്തു തോല്‍പ്പിക്കുമെന്നും ജനീഷ് പറഞ്ഞു.
Kerala
ആലപ്പുഴ: ചെങ്ങന്നൂർ തൊട്ടിയാട്ട് ബക്കറ്റിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. ടോം-ജിൻസി ദമ്പതികളുടെ മകൻ അക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കുളിമുറിയിലെ ബക്കറ്റിലാണ് കുട്ടി വീണത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
കേസിലെ 19 പ്രതികളും കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ്. ആദ്യത്തെ 12 പ്രതികളാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തത്. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശിയായ ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും ഉൾപ്പെട്ടിരുന്നു.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, കൊലപാതകം നടന്നു 13 വർഷങ്ങൾക്ക് ശേഷം പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നത്. കേസിലെ 19 പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പെടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടർന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. സാക്ഷികളായ ക്യാമ്പസിലെ കെ എസ് യു- എസ് എഫ് ഐ പ്രവർത്തകർ വിചാരണവേളയിൽ മൊഴി മാറ്റിയിരുന്നു.
അതേസമയം, വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നല്‍കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
Kerala
ആലപ്പുഴ: എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്. 2012 ജൂലൈ 16ന് ആയിരുന്നു കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന വിശാലിന് നേരെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ആദ്യവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു വിശാലിന് നേരെ ആക്രമണമുണ്ടായത്.ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് പ്രതികൾ.
13 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി. എബിവിപി പ്രവർത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുൾപ്പടെ പത്തോളം പേർക്ക് അന്ന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 20 പേരാണ് കേസിൽ അറസ്റ്റിലായത്.
കേസിലെ 20 പ്രതികളും നിലവിൽ ജാമ്യത്തിലാണ്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.
District News
ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾക്കു മുമ്പ് ശബരിമല തീർഥാടകർക്കായി ചെയ്യേണ്ട സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ നഗരസഭ പൂർത്തീകരിച്ചതായി ചെയർപേഴ്സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ അറിയിച്ചു. രണ്ടു മാസങ്ങൾക്ക് മുൻപ് നഗരസഭ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെ വിളിച്ചു അവലോകന യോഗം ചേർന്ന് തുടർനടപടികൾ ആരംഭിച്ചിരുന്നു.
ശബരിമല തീർഥാടകർ കടന്നുപോകുന്ന പാതകളെല്ലാം ശുചീകരിച്ചു. തീർഥാടകർക്ക് വിരി വയ്ക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങളുടെയും ശുചിമുറി സൗകര്യങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭയുടെ ഇൻഫർമേഷൻ സെന്ററിന്റെയും ജില്ലാ ആശുപത്രിയുടെയും നഗരസഭ ആയുർവേദ ആശുപത്രിയുടെയും മെഡിക്കൽ എയ്ഡ് പോസ്റ്റിന്റെയും നിർമാണവും വൈകാതെ പൂർത്തീകരിക്കും.
ശബരിമല സീസണിലേക്ക് താത്കാലികമായി 33 പേരെ നിയമിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപായി ഇതുസംബന്ധിച്ച കൗൺസിൽ തീരുമാനങ്ങൾ എടുക്കുകയും ടെൻഡർ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിക്കുകയും ചെയ്തു. തീർഥാടന കാലത്തേക്ക് ആവശ്യമായ ശുചീകരണ സാധനങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തീകരിച്ചു. തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്.
ശബരിമല തീർഥാടകരുടെ പ്രധാന പാതയായ മാവേലിക്കര-ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്താതിരുന്നത് പ്രതിഷേധാർഹമാണ്. നഗരസഭാ ഓഫീസിന്റെ മുൻവശത്തെ ഓടകളുടെ നവീകരണവും റോഡിന്റെ അറ്റകുറ്റപ്പണികളും നടത്തേണ്ടത് പൊതുമരാമത്ത് മെയിന്റനൻസ് വിഭാഗമാണ്. ഏഴു വർഷത്തേക്ക് റോഡിന്റെ പരിപാലന ചുമതലയുള്ള കരാറുകാർ കോട്ടയത്ത് മറ്റൊരു റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ മാവേലിക്കര-ചെങ്ങന്നൂർ -കോഴഞ്ചേരി റോഡിന്റെയും ഓടകളുടെയും നവീകരണവും അറ്റകുറ്റപ്പണികളും നടത്താതിരിക്കുന്നത് സംബന്ധിച്ച് മന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ പരാതി ഉന്നയിച്ചിരുന്നതാണ്.
ബദൽ സംവിധാനം ഏർപ്പെടുത്തി പരാതി പരിഹരിക്കും എന്ന് മന്ത്രി ഉറപ്പു നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. കഴിഞ്ഞവർഷത്തെ ശബരിമല തീർഥാടന കാലത്തേക്കുള്ള ഫണ്ട് സർക്കാർ നാളിതുവരെ നഗരസഭയ്ക്ക് നൽകിയിട്ടില്ല. എല്ലാവർഷവും 25 ലക്ഷം രൂപ വീതം തന്നിരുന്ന സർക്കാർ അത് 20 ലക്ഷമാക്കി വെട്ടിക്കുറച്ചു.
നഗരസഭയ്ക്ക് തീർഥാടന കാലത്ത് 30 ലക്ഷത്തിലധികം രൂപ ചെലവ് വരുന്നതാണ്. ഇത് മുന്നിൽക്കണ്ട് ശബരിമല തീർഥാടനത്തിന് അഞ്ചുലക്ഷം രൂപ ബജറ്റിലും പ്ലാൻ ഫണ്ടിലും ഉൾപ്പെടുത്തി ജില്ലാ പ്ലാനിംഗ് ബോർഡിന്റെ അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ടെന്ന് ചെയർപേഴ്സൺ ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ അറിയിച്ചു.