തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമിൽ ഉദ്യോഗസ്ഥർ കടന്നു കയറിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോഴിക്കോട് പേരാന്പ്ര നിയമസഭാ മണ്ഡലത്തിലെ സ്ട്രോംഗ് റൂമിൽ റിട്ടേണിംഗ് ഓഫീസർ കടന്നു കയറിയെന്ന പരാതിയിലാണ് ഗൗരവതരമായ അന്വേഷണം നടക്കുന്നതായി കമ്മീഷൻ വ്യക്തമാക്കിയത്.
സ്ട്രോംഗ് റൂമിലും സമീപത്തെ രേഖകൾ സൂക്ഷിച്ചിട്ടുള്ള അനുബന്ധ മുറികളിലും ഉദ്യോഗസ്ഥർ കടന്നു കയറിയത് ഗുരുതര പിഴവാണെന്നു ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണം നടക്കുന്നത്. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂമുകളുടെ ചുമതല കേന്ദ്രസേനയ്ക്കാണ്. സുരക്ഷാ പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഇവരോടും വിശദീകരണം തേടും. തെരഞ്ഞെടുപ്പ് ജോലികളിൽ ഗുരുതര പിഴവു വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ ഗുരുതര ചട്ടലംഘനം നടത്തിയതായി പരാതി ഉയരുന്നവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാത്തതാണ് സ്ട്രോംഗ് റൂമുകളിൽ അനധികൃതമായി പ്രവേശിക്കുന്നത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നാണ് വിമർശനം.
ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ ജില്ലാ കളക്്ടർക്കും ജില്ലാ പോലീസ് മേധാവിക്കും മാത്രം കയറാൻ അനുമതിയുള്ള പ്രദേശങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരടക്കം കടന്നു കയറുന്നതായി വ്യാപക പരാതികളാണ് പലയിടങ്ങളിൽനിന്ന് ഉയരുന്നത്. ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കുകയോ സ്ട്രോംഗ് റൂകുകൾ തുറക്കുകയോ ചെയ്യരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പല തവണ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, നിർദേശം മുഖവിലയ്ക്കെടുക്കാതെ പലയിടങ്ങളിലും കയറാൻ ശ്രമം നടന്നതായാണ് പരാതികൾ ഉയരുന്നത്. ഇതു തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാകും.പേരാന്പ്രയ്ക്കു പിന്നാലെ ഒട്ടേറെ സ്ഥലങ്ങളിൽ സ്ട്രോംഗ് റൂമുകൾ തുറക്കാൻ ശ്രമം നടന്നതായി പരാതികൾ ഉയർന്നിരുന്നു.
Tags : Election Commission investigation raid