കോട്ടയം: അഞ്ചരക്കണ്ടി ഡന്തല്‍ കോളജ് വിദ്യാർഥി നിതിന്‍ രാജിന്റെ മരണത്തെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും കോളജിന്റെ അംഗീകാരം പിന്‍വലിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി.
കുറ്റക്കാരായ അധ്യാപകരെ ശിക്ഷിക്കാന്‍ നടപടിയുണ്ടാകണം. കോളജില്‍ മുമ്പുണ്ടായ അക്രമസംഭവങ്ങളെപ്പറ്റിയും അന്വേഷണം നടത്തിണം. ജാതീയ പീഡനമാണ് വിദ്യാര്‍ഥിയുടെ മരണത്തിനു കാരണം എന്നതിനാല്‍ കോളജിന്റെ അഫിലിയേഷന് ആരോഗ്യ സര്‍വകലാശാല റദ്ദാക്കണം.
കോളജിനെതിരേ നടപടി ആവശ്യപ്പെട്ട് കോളജ് ചാന്‍സലര്‍കൂടിയായ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ കാണും.
നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ കോളജ് അധ്യാപകരെ സംരക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ജാമ്യം നേടാനും കേസുമായി ബന്ധപ്പെട്ടുള്ള തുടര്‍പ്രവര്‍ത്തനങ്ങളില്‍ സാവകാശം ലഭിക്കാനും പോലീസ് പ്രതികള്‍ക്ക് അവസരമൊരുക്കുകയാണ്. ആരോപണ വിധേയരായ അധ്യാപകരെ അറസ്റ്റ് ചെയ്യാന്‍ നടപടിയുണ്ടാകണം.
ഇന്ന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനു പൊതുജനസമൂഹം പിന്തുണ നല്‍കണമെന്നും എന്നാൽ, ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിതിന്‍ രാജിന്റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.
Tags : Nitin Raj's death Kodikunnil Suresh central agency investigation