കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്താൽ നേരറിയാൻ ഇനിയും കാര്യങ്ങളുണ്ട്. നവീൻ ബാബുവിന്റെ കുടുംബം ചോദിച്ച പല ചോദ്യങ്ങൾക്കും ഉത്തരം നല്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
2024 ഒകേ്ടാബര്‍ 15ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തിയത്. ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്.
ആത്മഹത്യയെന്ന് പറഞ്ഞുതള്ളിയ നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു കുടുംബത്തിന്റെ തുടക്കം മുതലുള്ള ആരോപണം. എന്നാൽ, കുടുംബത്തിന്റെ ഈ ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുകയായിരുന്നു.
സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കൊലപാതകമാണെന്ന് സംശയിക്കാൻ പ്രത്യേക കാരണമില്ലെന്നുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെയും സർക്കാരിന്റെയും നിലപാടുകൾ കോടതികൾ അംഗീകരിക്കുകയായിരുന്നു.
എന്നാൽ, യുഡിഎഫ് സർക്കാർ സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്തതോടെ തങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് സിബിഐ ഉത്തരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നവീൻ ബാബുവിന്റെ കുടുംബം. നവീൻബാബു ജീവനൊടുക്കിയ കേസിൽ പി.പി. ദിവ്യ മാത്രമാണ് നിലവിൽ പ്രതിക്കൂട്ടിൽ.
ഇൻക്വസ്റ്റ് റിപ്പോർട്ടിൽ തുടങ്ങിയ സംശയങ്ങൾ
ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പരാമര്‍ശം. എന്നാല്‍, എഫ്ഐ ആറിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. മൃതദേഹത്തിലെ രക്ത സാന്നിധ്യം പോലീസ് എഫ്ഐആറിലോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലോ പരാമര്ശിച്ചിട്ടില്ലാത്തതാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ സംശയത്തിന് കാരണം.
ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. തൂങ്ങിമരണം തന്നെയാണെന്നും എല്ലാ തൂങ്ങിമരണങ്ങളിലും മലമൂത്രവിസര്‍ജനം കാണാറില്ലെന്നും രക്തംവരുന്നത് സ്വാഭാവികമാണെന്നുമാണ് പോലീസ് വാദം.
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്. ഇതോടെയാണ്, നവീൻ ബാബുവിന്റെ മരണം കൊലപാതകം എന്ന സംശയത്തിന് കുടുംബത്തിന് കൂടുതൽ ബലമേകുന്നത്.
നേരറിയുമോ ഈ ചോദ്യങ്ങൾക്ക് ?
* ഒക്ടോബര്‍ 14ന് വൈകുന്നേരം നാലിന് കണ്ണൂർ കളക്ടറേറ്റില്‍ സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെയെത്തിയാണ് സിപിഎം നേതാവും കണ്ണൂർ ജില്ലാ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ നവീന്‍ബാബുവിനെ അധിക്ഷേപിച്ചത്. പിറ്റേദിവസം നവീന്‍ബാബു ജീവനൊടുക്കിയ വാര്‍ത്തയാണ് നാട് കേട്ടത്. ആ അവസാന മണിക്കൂറുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് അന്വേഷണസംഘത്തിന് ഇനിയും ഉത്തരമില്ല. ദിവ്യ ചടങ്ങിന് എത്തിയതിന് പിന്നിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷണ പരിധിയിൽ വന്നിട്ടില്ല.
* പെട്രോള്‍ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ട് ഫയലിൽ തന്നെയാണ്. തുടര്‍നടപടി ആവശ്യപ്പെടുന്ന കുറിപ്പ് സഹിതം 2024 നവംബര്‍ ഒന്നിനാണ് എ.ഗീതയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ സർക്കാരിലെ റവന്യൂമന്ത്രി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് കൈമാറിയത്. എന്നാൽ, റിപ്പോർട്ട് ഇപ്പോഴും പുറത്തുവരാത്തതിലും ദുരൂഹതയുണ്ടെന്നാണ് മറ്റൊരു ആരോപണം. പെട്രോൾ പന്പ് പങ്കാളിത്ത കരാറായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, പങ്കാളിയാര് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുമില്ല.
* നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി.വി. പ്രശാന്തിനെതിരേ കടുത്ത നടപടിയുണ്ടായില്ല. പ്രശാന്തിനെതിരേ നടപടിയെടുത്താല്‍ കണ്ണൂരിലെ സിപിഎമ്മിന്റെ ബിനാമി നേതൃത്വത്തിലേക്കും അന്വേഷണം നീളുമെന്ന ഭയമാണ് പോലീസിന്റെ മെല്ലെപ്പോക്കിനു പിന്നിലെന്നും ആക്ഷേപമുണ്ടായിരുന്നു. പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡിഎംഇയും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും പുറത്തുവിട്ടില്ല. ടി.വി. പ്രശാന്തന് ഒരു ലക്ഷം രൂപ കൈക്കൂലി നല്‍കാനായി സ്വര്‍ണം പണയംവച്ചെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ വ്യക്തതയ്ക്കായി പണയ ഇടപാടിന്റെ രേഖകള്‍ ഹാജരാക്കിയിട്ടില്ല. പ്രശാന്തനും നവീന്‍ ബാബുവും കൂടിക്കണ്ടുവെന്ന് ആരോപിക്കുന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാതെ സമ്പൂര്‍ണ രൂപത്തില്‍ ഹാജരാക്കണമെന്ന നിർദേശം പ്രത്യേക അന്വേഷണസംഘം വൈകിയാണ് പാലിച്ചത്.
* ദിവ്യയുടെ അധിക്ഷേപത്തിനു പിന്നാലെ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനും നവീന്‍ബാബുവിനെ മാനസിക സമ്മര്ദത്തലാക്കിയെന്ന പരാതി എഡിഎമ്മിന്റെ കുടുംബത്തിനുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാധ്യതയുള്ളതിനാല്‍ കളക്ടറെ മാറ്റണമെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആവശ്യത്തിനും സര്‍ക്കാര്‍ അന്ന് ചെവികൊടുത്തില്ല. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അറിവോടും മൗനാനുവാദത്തോടും കൂടിയാണോ ഈ നാടകങ്ങൾ അരങ്ങേറിയതെന്ന സംശയം കുടുംബം തുടക്കം മുതൽ ഉയർത്തിയിരുന്നു.
* മൃതദേഹ പരിശോധന പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തുന്നതില്‍ വിയോജിപ്പുണ്ടെന്നും കോഴിക്കോട്ടേക്ക് മാറ്റണമെന്നും ബന്ധുക്കള്‍ അന്നത്തെ, സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. കളക്ടര്‍ അരുണ്‍ കെ. വിജയനെ വിളിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നും പോലീസ് സര്‍ജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നുമാണ് കളക്ടര്‍ ബന്ധുക്കളോട് പറഞ്ഞത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോസ്റ്റുമോര്‍ട്ടം ചെയ്ത സര്ജന് പോലീസ് നല്‍കിയില്ലെന്ന സംശയമുണ്ടെന്ന് കുടുംബം പറയുന്നു. ആന്തരികാവയവങ്ങള്‍ക്ക് പരിക്കില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍ പിന്നെ എങ്ങനെ അടിവസ്ത്രത്തില്‍ രക്തക്കറ വരുമെന്നാണ് കുടുംബം ചോദിക്കുന്നത്. അതിനാൽ, തങ്ങളുടെ അസാന്നിധ്യത്തിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
* ദിവ്യ- പെട്രോള്‍ പമ്പ് അപേക്ഷകന് ടി.വി. പ്രശാന്തന് ബിനാമി ബന്ധം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തൻ എന്ന വ്യക്തി നൽകിയ കൈക്കൂലി ആരോപണത്തിൽ ഇതുവരെ വ്യക്തതയില്ല. ഇയാളുടെ പങ്കാളികളെക്കുറിച്ചുള്ള റവന്യൂ രേഖകളും വിവരങ്ങളും കളക്ടറേറ്റിൽ നിന്ന് ദുരൂഹമായ സാഹചര്യത്തിൽ കാണാതായിരുന്നു. അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച ടി.വി. പ്രശാന്തിന്റെ സിഡിആറിൽ ഒൻപതുദിവസത്തെ സംശയാസ്പദമായ ഇടവേളയുണ്ട്. കോൾ ഡാറ്റ റിക്കാർഡുകൾ 06-10-2024 വരെ മാത്രമേ ലഭ്യമാകൂ, തുടർന്ന് 15-10-2024 മുതൽ പുനരാരംഭിക്കും. 07-10-202 മുതൽ 14-10-2024 വരെയുള്ള കോൾ ഡാറ്റ റിക്കാർഡുകൾ ഹാജരാക്കിയിട്ടില്ല. ഈ കോൾ ഡാറ്റാ അന്വേഷണത്തിന് നിർണായകമാണ്.
* പി.പി. ദിവ്യയുടെ ഭര്‍ത്താവിന്റെ പേരിലുള്ള സ്വകാര്യ ഫോണ്‍ മാത്രമാണ് പരിശോധിച്ചത്. ഔദ്യോഗിക നമ്പരിലെ ഡാറ്റ കൂടി ശേഖരിക്കണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ ഔദ്യോഗിക മൊബൈൽ നന്പർ ഉപയോഗിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് പോലീസ് കോടതിയിൽ നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രത്യേക അന്വേഷണസംഘം തുടക്കത്തിൽ അന്വേഷിച്ചിട്ടില്ല.
Tags : ADM Naveen Babu death Investigation CBI