അലോഷ്യസ് സേവ്യർ
തിരുവനന്തപുരം: ഹൈക്കോടതിയിലെ ഗവൺമെന്‍റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി.
നിയമനവുമായി ബന്ധപ്പെട്ട് സംഘടനയ്ക്കുള്ള മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് വ്യക്തമാക്കി. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേശ് സുധർമൻ, അരുൺ രാജേന്ദ്രൻ, യദുകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഗോപു നെയ്യാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഗവൺമെന്‍റ് പ്ലീഡറായി നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്. ലോ കോളജിൽ എസ്എഫ്ഐ പ്രവർത്തകയായിരുന്ന ജിയോണ ഇപ്പോഴും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെഎസ്‌യു ആരോപിക്കുന്നു.
ഈ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്‌യുവിന്‍റെ വികാരം ഉൾക്കൊണ്ട് വിഷയം പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും അലോഷ്യസ് പറഞ്ഞു. സർക്കാർ വിഷയത്തിൽ വളരെ പോസിറ്റീവായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
Tags : AloshiousXavier ChiefMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines