ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും.
വാഷിംഗ്ടൺ: അമേരിക്കയിലെത്തുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ കഴിയുമോയെന്ന് പരിശോധിക്കുകയാണെന്ന് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് ട്രംപ് രംഗത്തെത്തിയത്. ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ സെപ്റ്റംബറിൽ നെതന്യാഹു ന്യൂയോർക്കിലെത്തും. അമേരിക്കയിൽ എവിടെ വച്ചും നെതന്യാഹുവിനെ ഒരു തരത്തിലും അറസ്റ്റ് ചെയ്യില്ലെന്ന് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ന്യൂയോർക്ക് സിറ്റി മേയറെ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും ഇസ്രയേൽ പ്രധാനമന്ത്രിക്ക് യുഎസ് മണ്ണിൽ പൂർണ സംരക്ഷണം ഉണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യാന്തര ക്രിമിനൽ കോടതി കുറ്റം ചുമത്തിയ യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു എന്ന വാദമുയർത്തിയാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി വിമർശനം കടുപ്പിച്ചത്.
Tags : DonaldTrump Benjamin Netanyahu Arrest NewYork Mayor