ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ഇടുക്കി: സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
മാസപ്പടിയില്‍ ഇ ഡി നല്കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ്ഐആർ ഇട്ട് കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് ഹൈക്കോതി നിർദേശം നൽകുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ് ഐ ടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇരുവർക്കുമെതിരെ അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇതോടെ അഴിമതി കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായിയും മുന്‍ മന്ത്രി റിയാസും പ്രതിപട്ടികയിൽ ഉൾപ്പെടും.
അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. ഇഡി ഡിജിപിക്ക് കൈമാറിയ വിവരങ്ങളും എസ് ഐ ടിയുടെ പക്കലുള്ള വിവരങ്ങളും വിജിലൻസിന് ഉടൻ കൈമാറണം.
വിജിലൻസ് ഉടൻ കേസെടുത്ത് അന്വേഷണം നടത്തണം. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. കേസെടുക്കാൻ മതിയായ തെളിവുകൾ ഇ ഡിയിൽ നിന്നുള്ള വിവരങ്ങളിൽ തന്നെയുണ്ടെന്നും കോടതി നിരീക്ഷിച്ചു. കോടതിയില്‍ മുദ്രവച്ച കവറില്‍ ഇഡി സമര്‍പ്പിച്ച കണ്ടെത്തലുകൾ നിര്‍ണായകമായി.
Tags : CMRL-Exalogic financial transaction Home Minister Ramesh Chennithala FIR Pinarayi Vijayan