സനയിലെ ഹൂതി കേന്ദ്രത്തിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയപ്പോൾ
സന: യെമനിലെ ഹൂതി വിമതർക്കെതിരെ വൻ വ്യോമാക്രമണവുമായി സൗദി നയിക്കുന്ന അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നീക്കത്തിൽ ഹൂതികളുടെ 136 സൈനിക കേന്ദ്രങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും താവളങ്ങളും തകർക്കാനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണെന്ന് സഖ്യസേന വ്യക്തമാക്കി. അതേസമയം യെമൻ ഔദ്യോഗിക സൈനിക വിഭാഗങ്ങൾക്ക് 24 മണിക്കൂറും ആവശ്യമായ വ്യോമപിന്തുണ നൽകിവരുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.
മേഖലയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിലും ശക്തമായ സൈനിക നീക്കങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയിലെ അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ആക്രമണങ്ങൾ നടന്നതായി സിവില്‍ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു.
ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കൻ, അൾജീരിയൻ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. കൂടാതെ, സ്വദേശികളും ബംഗ്ലാദേശ്, ഫിലിപ്പീൻസ് പൗരന്മാരായ പ്രവാസികളും അടക്കം 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്.
Tags : Saudi Arabia Coalition launches massive airstrikes against Houthi targets Yemen