നാട്ടിക ടോൾ പ്ലാസ
തൃശൂർ: നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് ടോൾ പിരിവ് വീണ്ടും ആരംഭിച്ചത്. ടോൾ പ്ലാസയ്ക്കു സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
ജനകീയ പ്രതിഷേധം കാരണം ടോൾ പിരിവ് നിർത്തിയിരുന്നു. നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് സിപിഎം അറിയിച്ചിരുന്നു. എന്നാൽ, 62 കിലോമീറ്ററിൽ 90 ശതമാനം പണി കഴിഞ്ഞെന്ന് ദേശീയപാത അഥോറിറ്റി വിശദീകരിച്ചു. ടോൾ പ്ലാസയിൽ പ്രതിഷേധം ഇന്നും തുടരും. പ്രതിഷേധം കണക്കിലെടുത്ത് ടോൾ പ്ലാസയ്ക്ക് കനത്ത പൊലിസ് സുരക്ഷ ഒരുക്കി.
ദേശീയപാത നിർമാണം പൂർത്തിയാകാതെയാണ് ചുങ്കം പിരിവ് ആരംഭിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. കാപ്പിരിക്കാട് - കൊടുങ്ങല്ലൂർ ചെയിനേജിൽ ചാവക്കാട് ബൈപ്പാസ്, വാടാനപ്പള്ളി ഫ്ലൈ ഓവർ, ചേറ്റുവ പാലം, എടമുട്ടം അടിപ്പാത, കൊറ്റംകുളം സി.വി. ജംഗ്ഷൻ പാലം എന്നിവയുടെ നിർമാണം പൂർത്തിയായിട്ടില്ല.
പുതുതായി അനുവദിക്കപ്പെട്ട നാട്ടിക, വലപ്പാട് ഹൈസ്കൂൾ, കൈപ്പമംഗലം കൊപ്രക്കളം, ശ്രീനാരായണപുരം പള്ളിനട, ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, മണത്തല, എടക്കഴിയൂർ, മന്ദലാംകുന്ന് നടപ്പാലങ്ങളുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തി പോലും ആയിട്ടില്ല. ഇത്രയധികം പ്രവൃത്തികൾ പൂർത്തിയാകാതെയാണ് ദേശീയപാത ടോൾ പിരിവ് ആരംഭിക്കുന്നത്.
ഹരിയാനയിലെ സ്കൈലാർക്ക് എന്ന കമ്പനിക്കാണ് പിരിവിന് ടെണ്ടർ നൽകിയിരിക്കുന്നത്. ഈ സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാർ നാട്ടികയിൽ എത്തിയിട്ടുണ്ട്.
Tags : Toll collection resumes Nattika toll plaza National Highway