ന്യൂഡൽഹി: പിണറായി വിജയനടക്കം മൂന്ന് മുൻ മുഖ്യമന്ത്രിമാരും സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുമടക്കമുള്ളവർ കസ്റ്റഡിയിലായെങ്കിലും പ്രതിഷേധക്കാർ ഒന്നാകെ തെരുവുകളിലേക്ക് ഒഴുകിയെത്തുന്നത് തുടരുന്നു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹിയിലെത്തിയ സിജെപി കൺവീനർ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പൊലിസ് വിമാനത്തിനുള്ളിൽ കയറി നാടകീയമായി കസ്റ്റഡിയിലെടുത്തു.
കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യ നടപടിയെയും മോദിയുടെ ഭയത്തെയുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കസ്റ്റഡിയിലാകുന്നതിന് മുൻപ് ദീപ്കെ പ്രതികരിച്ചു. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയിൽ എത്തി പൊലിസ് കസ്റ്റഡിയിലെടുത്തു. ഐസ നേതാവ് നേഹ ബോറ ഉൾപ്പെടെയുള്ള വിദ്യാർഥി നേതാക്കളെയും ചില മാധ്യമപ്രവർത്തകരെയും പോലീസ് വലിച്ചിഴച്ചാണ് വാഹനങ്ങളിൽ കയറ്റിയത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മുൻ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജരിവാൾ, മമതാ ബാനർജി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേന്ദ്ര കമ്മിറ്റി ഓഫീസിന് അവധി പ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങിയ പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളെ കേരള ഹൗസ് പരിസരത്താണ് പൊലിസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത പിണറായിയെ മണിക്കൂറുകളോളം നഗരത്തിൽ വട്ടംകറക്കിയ പോലീസ് അവശനായ അദ്ദേഹത്തിന് മരുന്നോ ഭക്ഷണമോ പോലും നൽകിയില്ലെന്ന് ഇടത് എംപിമാർ ആരോപിച്ചു.
നേതാക്കളെ പൊലിസ് അജ്ഞാത തടവറകളിലേക്ക് മാറ്റിയ സാഹചര്യത്തിൽ അനധികൃത കസ്റ്റഡിക്കെതിരെ കോടതിയെ സമീപിക്കാനാണ് സിജെപിയുടെ തീരുമാനം. കൂടുതൽ അറസ്റ്റുകൾ മുൻകൂട്ടി കണ്ട് സമരം നയിക്കാൻ അജിൻക്യ ഷിൻഡെയെ ദീപ്കെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Tags : Leaders in custody protesters police drag leaders journalists Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash