ഫിഫ ലോകകപ്പ് ട്രോഫിയുമായി സ്പാനിഷ് ടീം.
കാല്‍പ്പന്ത് ലോകത്തിനു പുതിയ ചക്രവര്‍ത്തി; ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന്. വനിതകള്‍ക്കു പിന്നാലെ പുരുഷവിഭാഗത്തിലും സ്പെയിന് ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. ഇതോടെ കാല്‍പ്പന്തിലെ ഒരേയൊരു അഡ്രസായി സ്പെയിന്.
ഫിഫ 2026 പുരുഷ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയാണ് ലാമിന് യമാലിന്റെ സ്പെയിന് കപ്പുയര്‍ത്തിയത്. ക്യാപ്റ്റന്‍ റോഡ്രി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ സ്പെയിന് 2010നുശേഷം വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍. പന്ത് പൂര്‍ണമായി സ്പെയിനിന്റെ നിയന്ത്രണത്തിലായതോടെ, മെസിക്കും സംഘത്തിനും മൈതാനത്ത് കാഴ്ചക്കാരാകേണ്ടിവന്ന അവസ്ഥ. മത്സരം അതോടെ സ്പെയിന് Vs എമിലിയാനൊ മാര്‍ട്ടിനെസ് (അര്‍ജന്റൈന്‍ ഗോളി) എന്നതിലേക്കു മാറിയെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് (90+3-ാം മിനിറ്റ്) രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കണ്ടതോടെ അര്‍ജന്റീന തളര്‍ന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫെറാന്‍ ടോറസിന്റെ (106-ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയില്‍. ആ ഒരൊറ്റ ഗോളില്‍ 1-0ന്റെ ജയവുമായി സ്പെയിന് ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2010ല്‍ ടിക്കി-ടാക്ക എന്ന വണ്‍ ടച്ച് പാസിംഗ് ഗെയിമിലൂടെ ലോകം കീഴടക്കി സ്പെയിന്, ടിക്കി-ടാക്കയുടെ നവ പതിപ്പിലൂടെ രണ്ടാമതും കാല്‍പ്പന്ത് ലോകത്തിന്റെ തലപ്പത്ത്; ലാ റോഹയുടെ ടിക്കി-ടാക്ക II...
ടിക്കി-ടാക്ക സൗന്ദര്യം
എതിരാളികള്‍ക്കു പന്ത് നല്‍കാതെ നിശബ്ദമാക്കുക എന്നതായിരുന്നു സ്പെയിനിന്റെ ഈ ലോകകപ്പിലെ പരസ്യമായ തന്ത്രം. സെമിയില്‍ ഫ്രാന്‍സിന്റെ പവര്‍ ഗെയിമിനെ കൃത്യമായി പൂട്ടിയാണ് സ്പെയിന് കിരീടപോരാട്ടത്തിന് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പെയിന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാര്‍ക്ക് കുക്കറെയ്യ, റോഡ്രി, പെഡ്രൊ പൊറോ എന്നിവരിലൂടെ തുടങ്ങി ഫെറാന്‍ റൂയിസ്, ഡാനി ഓള്‍മോ, അലെക്സ് ബയെന, ലാമിന് യമാല്‍ എന്നിവരിലൂടെ മൈക്കല്‍ ഒയര്സബാലില് എത്തിനില്‍ക്കുന്നതായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണം. അര്‍ജന്റൈന്‍ ഗോള്‍മുഖത്തിനു പുറത്ത് തമ്പടിച്ചുള്ള ഹൈപ്രസിംഗ് ലാ റോഹ തുടക്കം മുതല്‍ കാഴ്ചവച്ചു.
സ്പെയിനിന്റെ ആക്രമണം തടയുന്നതില്‍ 90 മിനിറ്റും അര്‍ജന്റീന വിജയിച്ചു. ഗോള്‍ വഴങ്ങാന്‍ അര്‍ജന്റീന കൂട്ടാക്കിയില്ല. അതിന്റെ പ്രധാന കാരണം ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസിന്റെ പ്രകടനമായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോള്‍ സ്പെയിന് തൊടുത്തത് 15 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അര്‍ജന്റീനയ്ക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
ചുവപ്പ് നിര്‍ണായകമായി
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീനയുടെ അംഗബലം പത്തായി ചുരുങ്ങി. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതാണ് അര്‍ജന്റീനയ്ക്കു വിനയായത്. മധ്യനിരയില്‍ അതുവരെ പോരാടിയ എന്‍സോ പുറത്തുപോയതും സ്പെയിനിന്റെ ഫീല്‍ഡിലെ പത്ത് താരങ്ങള്‍ക്കെതിരേ ഒമ്പതായി ചുരുങ്ങിയതും അര്‍ജന്റീനയുടെ പ്രതീക്ഷ തകിടം മറിച്ചു.
മിന്നും ഗോള്‍
അംഗബലം കുറഞ്ഞതോടെ അര്‍ജന്റീനയുടെ കരുത്തും ചോര്‍ന്നു. അതുവരെ വിയര്‍പ്പൊഴുക്കിയ താരങ്ങളുടെ കാലുകള്‍ തളര്‍ച്ചയിലേക്ക്. ഈ ബലഹീനത 106-ാം മിനിറ്റില്‍ സ്പെയിന് മുതലാക്കി. പെഡ്രൊ പൊറോ ബോക്സിന്റെ വലത് കോണിനു പുറത്തുനിന്ന് പന്ത് ഉയര്‍ത്തി നല്‍കിയത് ഇടത് ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചിലേക്ക്. പൊറോയുടെ ഹൈ പാസ് നിക്കൊ വില്യംസ് ഹെഡ് ചെയ്തു നല്‍കിയത് ഫെറാന്‍ ടോറസിന്റെ പാകത്തിന്. ടോറസിന്റെ കരുത്തുറ്റ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. അതു മതിയായിരുന്നു സ്പെയിനിനു ട്രോഫിയില്‍ ചുംബിക്കാന്‍.
113-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും അര്‍ജന്റൈന്‍ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിശ്ചിത സമയത്തും സമാനമായ രീതിയില്‍ സ്പെയിനിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു.
ഫിഫ ലോകകപ്പില്‍ സ്പെയിന് രണ്ടു തവണ ഫൈനല്‍ കളിച്ചു. രണ്ടിലും കിരീടം സ്വന്തമാക്കി. രണ്ട് തവണയും അധികസമയ ഗോളിലായിരുന്നു കിരീടനേട്ടം എന്നതും ശ്രദ്ധേയം.
നെതര്‍ലന്‍ഡ്സിന് എതിരായ 2010 ലോകകപ്പ് ഫൈനലിന്റെ 116-ാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയായിരുന്നു സ്പെയിനിന്റെ വിജയഗോള്‍ നേടിയത്. 16 വര്‍ഷത്തിനുശേഷം ആ നിയോഗം നിര്‍വഹിച്ചത് 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും...
Tags : Spain FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights