നീലക്കുറിഞ്ഞിയുമായി നിൽക്കുന്ന യുവാക്കൾ.(സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം)
ഇടുക്കി: നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് തലയിൽ ചൂടിയും പൂച്ചെണ്ടാക്കി കൈയിൽ പിടിച്ചും ഫോട്ടോഷൂട്ട് നടത്തിയ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടുക്കി, എറണാകുളം സ്വദേശികളാണ് യുവാക്കളെന്നാണ് പ്രാഥമിക വിവരം. ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.
നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ സന്ദർശകർ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് വനംവകുപ്പ് നേരത്തെ കർശന നിർദേശങ്ങൾ നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നതും. ഇതിനിടെയാണ് രണ്ട് യുവാക്കൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.
ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരം വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് നിലവിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. യുവാക്കളിൽ ഒരാൾ ചിത്രങ്ങൾ പകർത്തിയത് ചിന്നക്കനാലിൽ നിന്നാണെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
Tags : Flower Plucking Neelakurinji Munnar Case Forest Department