മുംബൈ നഗരം.
മുംബൈ നഗരവും ദിനോസറുകളുടെ വംശനാശവും തമ്മിൽ ബന്ധമുണ്ടെന്നാണു പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. അദ്ഭുതകരമായി തോന്നാവുന്ന ഭൗമശാസ്ത്രജ്ഞരുടെ ഗവേഷണഫലങ്ങൾ സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുംബൈ നഗരത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന കറുത്ത ബസാള്‍ട്ട് പാറകള്‍ക്ക് ആറു കോടി അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ദിനോസറുകളുടെ വംശനാശവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമിയുടെ ചരിത്രത്തിലെ, മഹാദുരന്തത്തിന്റെ ഭൗതിക അവശിഷ്ടങ്ങള്‍ക്കു മുകളിലാണു മുംബൈ എന്ന മഹാനഗരം കെട്ടിപ്പൊക്കിയിരിക്കുന്നത്.
ഏകദേശം 6.6 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, ഇന്നത്തെ മെക്സിക്കോയിലെ 'യുകാറ്റന്‍ പെനിന്‍സുല'0യില്‍ 'ചിക്കസുലുബ്' എന്നു പേരിട്ട പത്തോളം കിലോമീറ്റര്‍ വീതിയുള്ള ഭീമന് ഛിന്നഗ്രഹം പതിച്ചു. ലക്ഷക്കണക്കിന് ആറ്റോമിക് ബോംബുകള്‍ ഒരുമിച്ച് പൊട്ടിത്തെറിക്കുന്നതിനു തുല്യമായ പ്രഹരശേഷിയാണ് ഈ ആഘാതം സൃഷ്ടിച്ചത്. ഇതു വലിയ കാട്ടുതീയ്ക്കും സുനാമികള്‍ക്കും ആഗോളതലത്തില്‍ ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമായി. ദിനോസറുകള്‍ ഉള്‍പ്പെടെ ഭൂമിയിലുണ്ടായിരുന്ന ജീവജാലങ്ങളുടെ 75 ശതമാനത്തോളം വംശനാശം സംഭവിക്കുകയും ചെയ്തു.
ഛിന്നഗ്രഹം പതിച്ച അതേ കാലയളവില്‍; ഭൂമിയുടെ മറുഭാഗത്ത്, അതായത് പടിഞ്ഞാറന്‍ ഇന്ത്യയില്‍, ഭൂമിശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വത സ്ഫോടന പരമ്പരകള്‍ നടക്കുകയായിരുന്നു. 'ഡെക്കാന്‍ ട്രാപ്സ്' എന്നു വിളിക്കപ്പെടുന്ന വലിയ ലാവ പ്രവാഹങ്ങളാണ് ഇന്നത്തെ മഹാരാഷ്ട്രയുടെയും മുംബൈയുടെയും ഭൂരിഭാഗം ഭൂപ്രകൃതിയും രൂപപ്പെടുത്തിയത്. ഏകദേശം അഞ്ചു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍, ചിലയിടങ്ങളില്‍ 2,000 മീറ്ററിലധികം കനത്തിലാണ് ലാവ അടിഞ്ഞുകൂടിയത്.
ഈ രണ്ടു സംഭവങ്ങളും ഒരേ കാലയളവില്‍ നടന്നു എന്നത് ശാസ്ത്രലോകത്ത് കാലങ്ങളായി വലിയ ചര്‍ച്ചാവിഷയമാണ്. യുസി ബെര്‍ക്ക്ലിയിലെ മാര്‍ക്ക് റിച്ചാഡ്സിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, ഛിന്നഗ്രഹത്തിന്റെ പ്രഹരത്തില്നിന്നുള്ള ശക്തമായ ഭൂകമ്പ തരംഗങ്ങള്‍ ലോകമെമ്പാടുമുള്ള അഗ്നിപര്‍വത സ്ഫോടനങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചിരിക്കാം എന്നാണ്. എന്നാല്‍ ഛിന്നഗ്രഹം പതിക്കുന്നതിനു മുമ്പുതന്നെ ഡെക്കാന്‍ ലാവ പ്രവാഹങ്ങള്‍ ആരംഭിച്ചിരുന്നു. അതുകൊണ്ട്, ഈ രണ്ട് ദുരന്തങ്ങളും തമ്മില്‍ നേരിട്ടുള്ള ബന്ധമുണ്ടോ എന്നതില്‍ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ഇന്ന് മുംബൈയിലെ പ്രശസ്തമായ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെ ബോറിവലി ഭാഗങ്ങളിലും എലിഫന്റ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന പാറകളിലുമെല്ലാം കാണപ്പെടുന്നത് പുരാതന ഡെക്കാന്‍ ബസാള്‍ട്ട് പാറകളാണ്. ദിനോസറുകളുടെ വംശനാശത്തിനു കാരണം ഛിന്നഗ്രഹത്തിന്റെ പതനം മാത്രമാണോ അതോ ഡെക്കാന്‍ ലാവ പ്രവാഹങ്ങള്‍ അതിന്റെ ആഘാതം കൂട്ടിയതാണോ എന്ന ചോദ്യത്തിനു പൂര്‍ണമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, ഭൂമിയുടെ ചരിത്രത്തെ മാറ്റിയെഴുതിയ ആ ഘട്ടത്തിന്റെ ജീവിക്കുന്ന തെളിവുകളാണ് മുംബൈയുടെ കറുത്ത പാറക്കെട്ടുകള്‍.
Tags : NationalNews MumbaiCity SanjayGandhiNationalPark UCBerkeley DeccanTraps Chicxulub YucatanPeninsula ElephantaCaves Basalt