ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ടും ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ ദേശീയ തലസ്ഥാനത്തു വന്‍ സംഘര്‍ഷം.
പോലീസിന്റെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും ബാരിക്കേഡുകളും കണ്ണീര്‍വാതക ഷെല്ലുകളും ലാത്തിച്ചാര്‍ജും നിരോധനാജ്ഞയും വകവയ്ക്കാതെ പല സംഘങ്ങളായെത്തിയ യുവതീയുവാക്കള്‍ പാര്‍ലമെന്റിന് തൊട്ടടുത്ത് എത്തുകയും സമീപമുള്ള റോഡുകളെല്ലാം കൈയടക്കി. ഇവരെ തുരത്താന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ നഗരം യുദ്ധക്കളമായി. പ്രതിഷേധക്കാര്‍ പോലീസിനുനേരേയും കല്ലെറിഞ്ഞു. സംഘർഷത്തിൽ നിരവധി പോലീസുകാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റു.
ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ഇന്നലെ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ നിതിന്‍ നബീന് എന്നിവരുമായി ചര്‍ച്ച നടത്തി. പാര്‍ലമെന്റിലെ ഷായുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
സ്ഥിതി രൂക്ഷമാണെങ്കിലും മന്ത്രി പ്രധാന് തത്കാലം രാജിവയ്ക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാടെന്ന് സൂചനയുണ്ട്. നീറ്റ് ചോദ്യപേപ്പർ ചോര്‍ച്ച പ്രശ്നത്തില്‍ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം പൂര്‍ണമായി സ്തംഭിക്കുകയും ചെയ്തു.
സോനം വാംഗ്ചുക്കിന്റെ നിരാഹാര സത്യഗ്രഹമടക്കം ഒരു മാസത്തോളമായി സിജെപിയുടെ നേതൃത്വത്തില്‍ സമരം നടത്തിവന്നിരുന്ന ജന്തര്‍ മന്തറിലെ സമരപ്പന്തലുകള്‍ പോലീസും അര്‍ധസൈനികരും ചേര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ബലമായി പൊളിച്ചുമാറ്റി.
പോലീസിന്റെ കണക്കുകൂട്ടൽ പിഴച്ചു
പോലീസ് പ്രതീക്ഷിച്ചതിലും വളരെക്കൂടുതല്‍ പേര് പ്രതിഷേധത്തില്‍ പങ്കാളികളായതോടെ സര്‍ക്കാരിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ബാരിക്കേഡുകളും കനത്ത പോലീസ് ബന്തവസും പരിശോധനകളും ഇടയ്ക്കിടെ പെയ്ത മഴയും ഉള്‍പ്പെടെയുള്ള തടസങ്ങള്‍ മറികടന്ന് പതിനായിരങ്ങളാണു പല വഴികളിലൂടെ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തിയത്.
ജന്തര്‍ മന്തറില്നിന്നു പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുമ്പോള്‍ത്തന്നെ പോലീസ് വിലക്കിയെങ്കിലും യുവഡോക്ടര്‍മാര്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ പല വഴികളിലൂടെ പാര്‍ലമെന്റിനോടു ചേര്‍ന്നും സമീപവുമുള്ള റോഡുകള്‍ വളഞ്ഞു. പോലീസിനെയും സൈന്യത്തെയും മറികടന്ന് സമരക്കാര്‍ പാര്‍ലമെന്റിന് അടുത്തെത്തിയത് സര്‍ക്കാരിനും പോലീസിനും തിരിച്ചടിയായി. പാര്‍ലമെന്റിന് തൊട്ടുമുന്നിലുള്ള റെയില്‍ ഭവനു മുന്നിലെ റൗണ്ടാനയിലും സമരക്കാരെത്തി.
പാര്‍ലമെന്റിനു സമീപത്തുള്ള റെയ്സീന റോഡിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ മുന്നിലും റാഫി മാര്‍ഗിലും കേരള ഹൗസിനടുത്ത് ജന്തര്‍ മന്തറിലും പ്രതിഷേധക്കാരും പോലീസും ഒന്നിലേറെ തവണ ഏറ്റുമുട്ടി.
വിദ്യാര്‍ഥികള്‍ക്കു നേരേ പലതവണ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീർവാതക ഷെല്ലുകള്‍ തുടരെ പ്രയോഗിക്കുകയും ചെയ്തെങ്കിലും രോഷാകുലരായ യുവാക്കള്‍ പിന്മാറിയില്ല. കണ്ണീര്‍വാതക പ്രയോഗത്തില്‍ പെണ്‍കുട്ടികളും പത്രപ്രവര്‍ത്തകരുമടക്കം പലരും മോഹാലസ്യപ്പെട്ടു വീണു.
നഗരവീഥികളിൽ ഗതാഗതസ്തംഭനം
റെയ്സീന റോഡ്, റാഫി മാര്‍ഗ്, പാര്‍ലമെന്റ് സ്ട്രീറ്റ്, കോണാട്ട് പ്ലേസ്, കര്‍ത്തവ്യ പഥ്, ജന്‍പഥ്, സുനേഹരി ബാഗ്, ലോഥി റോഡ്, മദര്‍ തെരേസ ക്രസന്റ്, ജന്തര്‍ മന്തര്‍ തുടങ്ങിയ പ്രധാന നഗരവീഥികളിലെല്ലാം മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
സോനം വാംഗ്ചുകും വിദ്യാര്‍ഥികളും മൂന്നാഴ്ചയോളം നിരാഹാര സത്യഗ്രഹമടക്കം സമാധാനപരമായി സമരം നടത്തിയിട്ടും ചര്‍ച്ചയ്ക്കുപോലും തയാറാകാതെ സമരക്കാരെ ബലമായി അറസ്റ്റ് ചെയ്യുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതു പൊറുക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
Tags : Cockroaches surround capital Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash