ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി). വിമാനത്താവളത്തിൽ സർക്കാർ ബീച്ചിന്റെ അനുഭവം നൽകുകയാണെന്ന് കോൺഗ്രസും ഇതാണ് 7.8 ശതമാനം വളർച്ചയെന്ന് വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് സിജെപി നേതാവ് അഭിജിത് ദീപ്കെയും പരിഹസിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പെയ്ത പെരുമഴയിൽ വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകളിൽ രണ്ടിടത്തും വെള്ളം കയറി. ഇത് യാത്രാ തടസങ്ങൾക്കു കാരണമായി. വെള്ളക്കെട്ടിനെത്തുടർന്ന് ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന ഒരു രാജ്യാന്തര വിമാനമടക്കം 11 വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അഞ്ച് വിമാനങ്ങൾ ജയ്പുർ വിമാനത്താവളത്തിലേക്കും നാല് വിമാനങ്ങൾ ലക്നൗവിലേക്കും ഓരോ വിമാനങ്ങൾ അഹമ്മദാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. വെള്ളം കയറിയ ടെർമിനലിലൂടെ ബാഗുകളുമായി നടന്നുനീങ്ങുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ നൂറുകണക്കിന് വിമാനങ്ങൾ 90 മിനിറ്റോളം വരെ വൈകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും മിതമായ തോതിലുള്ള മഴയ്ക്കും ചിലയിടങ്ങളിൽ 50-100 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനമുണ്ട്.
ഇതോടൊപ്പം ഇടിമിന്നലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചിലപ്പോൾ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിലും വീശിയടിക്കാവുന്ന കാറ്റും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. മഴ മൂലം താഴ്ന്ന പ്രദേശങ്ങളിലും അടിപ്പാതകളിലും വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.
Tags : Waterlogging Delhi airport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash