യുവതിയെ യുവാവ് ആക്രമിക്കുന്നതിന്റെയും തെരുവുനായ ഓടിക്കുന്നതിന്റെയും സിസിടിവി ദൃശ്യം
കോയമ്പത്തൂർ:മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ രാത്രിയുടെ മറവിൽ ആക്രമിക്കാൻ തുനിഞ്ഞ യുവാവിനെ തെരുവുനായ്ക്കൾ കടിച്ചോടിച്ചു. കോയമ്പത്തൂർ തുടിയല്ലൂർ എൻജിജിഒ കോളനി-അശോക്പുരം റെയിൽവേ മേൽപ്പാലത്തിന് താഴെ ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
മദ്യലഹരിയിലെത്തിയ യുവാവ് തെരുവിൽ കഴിയുന്ന യുവതിയെ കണ്ട് ആദ്യം കല്ലെറിഞ്ഞ് അവിടെയുണ്ടായിരുന്ന നായ്ക്കളെ ഓടിക്കാൻ ശ്രമിച്ചു.
തുടർന്ന് ആരുമില്ലെന്ന് ഉറപ്പുവരുത്തി യുവതിയെ ആക്രമിക്കാൻ തുനിഞ്ഞു. പേടിച്ചരണ്ട യുവതി ബഹളം വച്ചതോടെ തെരുവുനായ്ക്കൾ ഉടനടി തിരിച്ചെത്തി അക്രമിയുടെമേൽ കുരച്ചുചാടുകയും കാലിൽ കടിച്ച് ഓടിക്കുകയും ചെയ്തു. ഇതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു.
സമീപത്തെ ഒരു കടയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് തുടിയല്ലൂർ പൊലിസ് ഈ ദൃശ്യങ്ങൾ കണ്ടത്.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയായ ഭൂപതിയെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവിൽ തങ്ങൾക്കു ഭക്ഷണം നൽകുന്ന യുവതിയെ സംരക്ഷിച്ച നായ്ക്കളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Tags : Attempt Harass MentallyChallengedGirl Streetdogs Saviors Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash