ഡോണൾഡ് ടസ്ക്, നരേന്ദ്ര മോദി
ന്യൂഡൽഹി: യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സമാധാനശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും പോളണ്ടും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിരോധം, ബഹിരാകാശം, ആണവോർജം, നിർമിത ബുദ്ധി (എഐ), ഹരിത സാങ്കേതികവിദ്യകൾ, നിർണായക ധാതുക്കൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാൻ ഇരുനേതാക്കളും ധാരണയായി. 2030ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുമെന്നും റെയിൽവേ, നൂതന നിർമാണം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ നിക്ഷേപം ആകർഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ വ്യവസായ സംഭാഷണത്തിന് തുടക്കം കുറിച്ചു. ഭീകരവിരുദ്ധ പ്രവർത്തങ്ങൾ സംബന്ധിച്ച സഹകരണത്തിനും ധാരണയായി. കപ്പൽ വ്യവസായത്തിലും സമുദ്ര സുരക്ഷയിലും സഹകരിക്കാനുള്ള സാധ്യതകളും ഇരു രാജ്യങ്ങളും വിലയിരുത്തി.
രണ്ടാം ലോകമഹായുദ്ധകാലത്ത് പോളിഷ് കുട്ടികൾക്ക് ഇന്ത്യ നൽകിയ അഭയവും 2022ൽ യുക്രെയ്നിൽനിന്ന് ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ പോളണ്ട് നൽകിയ പിന്തുണയും ഇരുനേതാക്കളും അനുസ്മരിച്ചു.
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച ഡൽഹിയിലെത്തിയ ടസ്ക് മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ-പോളണ്ട് ബിസിനസ് ഫോറത്തിൽ പങ്കെടുത്തശേഷം ടസ്ക് ഇന്നു മടങ്ങും.
Tags : India Poland strengthen Bilateralrelations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash