മുണ്ടംവേലിയിലെ വിവാദ ഫ്ലാറ്റ്
കൊച്ചി: പിആന്‍ഡ്ടി കോളനി നിവാസികള്‍ക്കായി മുണ്ടംവേലിയില്‍ നിര്‍മിച്ച വിവാദ ഫ്ലാറ്റിന്റെ ഡിസൈനിലും നിര്‍മാണരീതിയിലും അനുമതിയില്ലാതെ മാറ്റം വരുത്തിയതടക്കം ജിസിഡിഎയെ പ്രതിക്കൂട്ടിലാക്കി ഓഡിറ്റ് റിപ്പോര്‍ട്ട്.
ത്രികക്ഷി കരാറിന്റെ ലംഘനം, കരാര്‍ കമ്പനിക്കു വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്ന സംശയം, സാമ്പത്തിക ഇടപാടുകളിലെ അപാകതകള്‍, നിര്‍മാണത്തിലെ വീഴ്ചകള്‍ തുടങ്ങി ഗുരുതര ക്രമക്കേടുകളാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. പദ്ധതിയുടെ ഉത്തരവാദിത്വത്തില്‍നിന്നു ലൈഫ് മിഷന് ഒഴിവാകുകയും ബാധ്യതകള്‍ മുഴുവന്‍ ജിസിഡിഎ ഏറ്റെടുക്കുകയും ചെയ്തതിലും റിപ്പോര്‍ട്ട് ചോദ്യങ്ങളുയര്‍ത്തുന്നു.
ഗ്ലാസ് ഫൈബര്‍ റീഇന്‍ഫോഴ്സ്ഡ് ജിപ്സം പാനല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നതിനായിരുന്നു അംഗീകാരമുണ്ടായിരുന്നത്. എന്നാല്‍ ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിമിംഗ് സാങ്കേതികവിദ്യയിൽ ഫ്ലാറ്റ് നിര്‍മിക്കാന്‍ ജിസിഡിഎ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരം ജിസിഡിഎ പരിശോധിച്ചില്ലെന്നതും വീഴ്ചയാണ്.
കരാറുകാരന്റെ ആവശ്യപ്രകാരം പൈലിംഗ് രീതി മാറ്റിയതും ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതിയില്ലാതെ തീരുമാനങ്ങളെടുത്തതും നടപടിക്രമങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഫ്ലാറ്റില്‍ ചോര്‍ച്ചയുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്റ്റീല്‍ സ്ട്രക്ചര്‍ നിര്മാണരീതിയാണെന്നാണ് താമസക്കാരടക്കം ആക്ഷേപമുന്നയിക്കുന്നത്. സ്വന്തമായി എന്‍ജിനിയറിംഗ് വിഭാഗം ഉണ്ടായിരിക്കെ നിര്‍മാണത്തിലെ അപാകതകള്‍ പരിശോധിക്കാന്‍ പുറത്തുനിന്നുള്ള ഏജന്‍സികളെ ചുമതലപ്പെടുത്തിയതും ചട്ടലംഘനമായി ചൂണ്ടിക്കാട്ടുന്നു.
തൃശൂര്‍ ഡെലവപ്മെന്റ് ലേബര്‍ കോണ്‍ട്രാക്ട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നിര്‍മാണകരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
ട്രഷറിയിലും ബാങ്ക് അക്കൗണ്ടുകളിലും പണമുണ്ടായിരുന്നിട്ടും കാലാവധി പൂര്‍ത്തിയാകാത്ത സ്ഥിരനിക്ഷേപം പിന്‍വലിച്ച് കരാര്‍കമ്പനിക്കു 2.44 കോടി രൂപ മുന്‍കൂറായി നല്‍കിയതിനെയും റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നു. നിര്‍മാണജോലികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് പണം നല്കിയതും കമ്പനിയുടെ സാമ്പത്തികഭദ്രത പരിശോധിക്കാതിരുന്നതും ബാങ്ക് ഗാരന്റി വാങ്ങാതിരുന്നതുമടക്കം നിരവധി പിഴവുകളാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
Tags : Leakage changes Design Construction Method Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash