നിയുക്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.
തിരുവനന്തപുരം: മെസിയെയും അര്‍ജന്റൈൻ ഫുട്ബോള്‍ ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നു പറഞ്ഞു നടത്തിയ തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരേ കേസെടുക്കാന്‍ അനുമതി തേടി നല്കിയ ഫയലില്‍ പുതിയ ഗവര്‍ണറാകും നിര്‍ണായക തീരുമാനമെടുക്കുക.
നിലവിലെ ഗവര്‍ണര്‍ ആര്.വി. അര്‍ലേക്കറിന് യാത്രയയപ്പു നല്കുന്ന ചടങ്ങില്‍ ഇതു സംബന്ധിച്ച ഫയല്‍ പരിശോധിച്ചു വരികയാണെന്നു ഗവര്‍ണര്‍ പറഞ്ഞു.
മുന്മന്ത്രിക്കെതിരേ പ്രോസിക്യൂഷന് അനുമതി തേടിയുള്ള ഫയല്‍ ലോക്ഭവനു ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന നടത്തി വരികയാണെന്നും ഗവര്‍ണര്‍ ആര്.വി. ആര്‍ലേക്കര്‍ പറഞ്ഞു. ഇതില്‍ പരിശോധന പൂര്‍ത്തിയാക്കി എന്നു തീരുമാനമെടുക്കുമെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കേരള ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ഇന്നു ചുമതലയേല്‍ക്കും. നിയമോപദേശം അടക്കമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയുള്ള ഫയല്‍ ഇനി പുതിയ ഗവര്‍ണറുടെ മുന്നിലാകും എത്തുക.
മുന്‍ മന്ത്രി വി. അബ്ദുറഹ്മാനെതിരേ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച ഫയല്‍ ലോക്ഭവന്റെ പരിഗണനയ്ക്കു വിട്ടത്. ഗവര്‍ണറുടെ തീരുമാനം നീളുന്നതിനാല്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണവും ഏതാനും ആഴ്ചയായി സ്തംഭനത്തിലാണ്.
കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച ഫയല്‍ പ്രത്യേക ദൂതന് വശം ലോക്ഭവനില്‍ എത്തിക്കുകയായിരുന്നു. ഗവര്‍ണറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കാകും വി. അബ്ദു റഹ്മാനെതിരേ കേസെടുക്കുക. മുന്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി. സത്യപാലന്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി നേരത്തേ അനുമതി നല്‍കിയിരുന്നു.
Tags : FormerSportsMinister vabdurahaman Decide Action OmPrakashMathur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash