പ്രതീകാത്മക ചിത്രം
കീവ്: യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ പുനരുജ്ജീവിക്കപ്പെട്ടിട്ടും ആക്രമണം അവസാനിപ്പിക്കാതെ റഷ്യയും യുക്രെയ്നും. ബുധനാഴ്ച രാത്രി റഷ്യൻ സേന യുക്രെയ്നിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചു. യുക്രെയ്ൻ സേന റഷ്യൻ തലസ്ഥാനമായ മോസ്കോയിലേക്കു ഡ്രോണുകളും തൊടുത്തു.
വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ അടുത്തമാസം ചർച്ചയ്ക്കു തയാറാണെന്ന് റഷ്യ ബുധനാഴ്ച അറിയിച്ചിരുന്നു. ഫെബ്രുവരിക്കു ശേഷമുള്ള ആദ്യചർച്ച അടുത്തമാസം നടന്നേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും പറയുകയുണ്ടായി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് റഷ്യയിലെത്തി പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ഈ പ്രഖ്യാപനങ്ങൾ.
യുദ്ധം അവസാനിപ്പിക്കാൻ പരിഗണനയിലുള്ള നിർദേശങ്ങളാണ് വിറ്റ്കോഫ് പുടിനെ അറിയിച്ചത്. യുക്രെയ്ന്റെ ഡോൺബാസ് പ്രദേശം പൂർണമായി റഷ്യക്കു വിട്ടുകൊടുക്കാനുള്ള നിർദേശം ഇതിൽ ഉൾപ്പെടുന്നുവെന്നതായി റിപ്പോർട്ടുണ്ട്. ഇതിനു പകരം യുക്രെയ്നു നാറ്റോ സംരക്ഷണം ലഭിക്കുന്നതിനെ റഷ്യ എതിർക്കരുത്.
ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും പരസ്പരം വന്പൻ വ്യോമാക്രമണങ്ങൾ നടത്തിയത്. യുക്രെയ്നിലേക്കു റഷ്യൻ സേന 22 ബാലിസ്റ്റിക് മിസൈലുകളാണു തൊടുത്തത്. രണ്ടു പേർ കൊല്ലപ്പെടുകയും അഞ്ചു കുട്ടികളടക്കം 34 പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ തുറമുഖനഗരമായ ഒഡേസയും കപ്പലുകളും ആക്രമിച്ചതായി റഷ്യ അറിയിച്ചു.
യുക്രെയ്ൻ സേന മോസ്കോയെ ലക്ഷ്യമിട്ട് 630 ഡ്രോണുകളാണ് തൊടുത്തതെന്നു റഷ്യ അറിയിച്ചു. മോസ്കോ പ്രാന്തത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗരോദിലുണ്ടായ ഡ്രൗോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റഷ്യ അറിയിച്ചു.
ഇതിനിടെ, റഷ്യയും യുക്രെയ്നും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പരസ്പരം കൈമാറി. റഷ്യ 252ഉം യുക്രെയ്ൻ 25ഉം മൃതദേഹങ്ങളാണു കൈമാറിയത്.
Tags : Russia Ukraine Possibility Talks ContinueAttacks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash