സ്മൃതി മന്ദാന പരിശീലനത്തിനിടെ.
വഡോദര: ഇന്ത്യ x സിംബാബ്വെ മൂന്ന് മത്സര വനിത ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം. ട്വന്റി-20 പരമ്പര തൂത്തുവാരിയ സ്മൃതി മന്ദാനയും സംഘവും ഏകദിന പരമ്പരയിലും കിരീട പ്രതീക്ഷയിലാണിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റനായുള്ള സ്മൃതിയുടെ ആദ്യ ഏകദിന പരമ്പര കൂടിയാണിത്. ഉച്ചകഴിഞ്ഞ് രണ്ടിന് വഡോദരയിലാണ് മത്സരം.
ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനവും അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ട്വന്റി-20യും മുന്നില്‍ നില്‍ക്കേ ടീമിലിടംപിടിക്കാന് ഈ പരമ്പര താരങ്ങള്‍ക്ക് നിര്‍ണായകമാകും.
യഷ്തിക ഭാട്യ, ഹര്‍ലീന്‍ ഡിയോള്‍, തേജല്‍ ഹസബ്നിസ്, പ്രതിക റാവല്‍ എന്നിവര്‍ ഈ പരമ്പരയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രതിക ഷെഫാലിക്കും സ്മൃതിക്കുമൊപ്പം ടോപ് ഓര്‍ഡറില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, മറ്റ് താരങ്ങളെ മധ്യനിരയില്‍ എങ്ങനെ ഒരുക്കുമെന്നത് പരമ്പരയിലെ ശ്രദ്ധേയ ഘടകമാകും. അതേസമയം പരിക്കില്‍നിന്ന് മുക്തയാകാത്ത ലോകകപ്പ് ഹീറോ ജമീമ റോഡ്രിഗസ് പരമ്പരയിലില്ല.
Tags : ODICricket India Zimbabwe CricketSeries Vadodara Sports