Kerala
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച് വയോധികൻ. ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്.
തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. 60 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
ഒറ്റപ്പാലം: മീറ്റ്നയിൽ വീട്ടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ വസന്ത (57), മകൻ അഭിജിത്ത് (33) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ മോഷണശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സിബ്സാഗർ സ്വദേശിയായ തരുൺമുണ്ട (41) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ കെ.കെ. അബ്ദുൽ റഹ്മാൻ, സജീഷ്, എഎസ്ഐ അബ്ദുൽ ജലീൽ, സിപിഒ അരവിന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
National
മുംബൈ: ബലാത്സംഗശ്രമം തടഞ്ഞ യുവതിയെയും ആൺസുഹൃത്തിനെയും ആൾദൈവം കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ ആൾദൈവം യോഗേഷ് എന്നറിയപ്പെടുന്ന ഭയ്യ ബാപ്പു ഖൈർനാർ (33) ആണ് ഇരട്ട കൊലപാതകം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
ജയ്താനെ ഗ്രാമത്തിൽ ആശ്രമം നടത്തിവരികയാണ് യോഗേഷ്. ഇയാളുടെ ആശ്രമത്തിൽവച്ചാണ് യുവതിയും ആൺസുഹൃത്തും കൊല്ലപ്പെട്ടത്.
യുവതിയും ആൺസുഹൃത്തും മേയ് 16ന് ആശ്രമത്തിലെത്തിയിരുന്നു. ശനി അമാവാസി പൂജകൾക്കായാണ് ഇരുവരും ആശ്രമത്തിലെത്തിയത്. കുടുംബപ്രശ്നങ്ങളും ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും യുവതിയെ അലട്ടിയിരുന്നു.
പൂജ പൂർത്തിയായ ശേഷം യുവതിയെ മോട്ടോർസൈക്കിളിൽ വീട്ടിലെത്തിക്കാമെന്ന് ആൾദൈവം വാഗ്ദാനം ചെയ്തു. യുവതി ഇതു സമ്മതിച്ചു. ആൺസുഹൃത്ത് ആശ്രമത്തിൽ തുടർന്നു.
വീട്ടിലേക്കു ബൈക്കിൽ പോകവേ വനമേഖലയിലെത്തിയപ്പോൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ആൾദൈവം ശ്രമിച്ചു. യുവതി ഇതു ചെറുക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തു.
തുടർന്ന് യുവതിയുടെ വസ്ത്രംകൊണ്ട് യോഗേഷ് കഴുത്തുഞെരിച്ച് കൊന്നു. അതിനുശേഷം ആശ്രമത്തിലെത്തിയ യോഗേഷ് ഇരുന്പുവടികൊണ്ട് യുവതിയുടെ ആൺസുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കാളവണ്ടിയിൽ കയറ്റി മലയടിവാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കവടിയാറിൽ വീട്ടുവാടക ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ വീട്ടുടമസ്ഥനെ തടിക്കഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വലിയമല സരോവരത്തിൽ പ്രേംകുമാർ (49) ആണ് അറസ്റ്റിലായത്. മ്യൂസിയം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കവടിയാർ നന്ദൻകോട് സ്വദേശിയായ വീട്ടുടമസ്ഥനാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വാടക ചോദിച്ചതിലുള്ള വിരോധം കാരണം വീട്ടുടമസ്ഥൻ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, അദ്ദേഹത്തെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന തടിക്കഷണം കൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
ആക്രമണത്തിൽ വീട്ടുടമസ്ഥന്റെ ഇരു കൈകൾക്കും തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. ഞായറാഴ്ച രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്.
സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിലായത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Kerala
തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പഞ്ചായത്ത് ഉണ്ണി അറസ്റ്റിൽ. ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷാണ് അറസ്റ്റിലായത്.
കഴക്കൂട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു സംഭവം. പഞ്ചായത്തുനട എന്ന സ്ഥലത്തു വെച്ച് മുൻവൈരാഗ്യം കാരണം മേനംകുളം സ്വദേശി ലാലുവിനെ അസഭ്യം പറഞ്ഞ്, ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
പ്രതിയുടെ സുഹൃത്തുക്കളുമായി ലാലു സഹകരിക്കാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്.
കഴക്കൂട്ടം സ്റ്റേഷനിലും തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലുമായി 18 ആക്രമണക്കേസുകളും പ്രതിക്കെതിരെ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leader Page
ട്രംപിനു നേരേ ഒരുവർഷത്തിനിടയിലെ മൂന്നാമത്തെ വധശ്രമംകൂടി നടന്നുകഴിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ സംവിധാനങ്ങൾ ഇത്രയൊക്കെയേയുള്ളോ എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
അമേരിക്കൻ സീക്രട്ട് സർവീസ് അല്ലെങ്കിൽ തത്തുല്യമായ മറ്റ് ഏജൻസികൾ ലോകനേതാക്കൾക്ക് ഒരുക്കുന്ന സുരക്ഷയൊരുക്കുന്നത് പ്രധാനമായും പ്രതിരോധം, ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ്.
ട്രംപിനു നേരേയുണ്ടായ ആക്രമണം പരിശോധിക്കുമ്പോൾ ഒഴിപ്പിക്കൽ, നിർവീര്യമാക്കൽ എന്നിവ ഒരുവിധം ഭംഗിയായി നിർവഹിക്കപ്പെട്ടിരുന്നുവെന്നു കാണാം. അതുകൊണ്ടാണ് അക്രമം നടക്കുമ്പോൾത്തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ വലയം ചെയ്യുന്നതും അവിടെനിന്ന് ഉടനടി മാറ്റുന്നതും അതിനുശേഷം അക്രമിയെ നേരിടുന്നതുമെല്ലാം.
കഴിഞ്ഞദിവസം നടന്ന വധശ്രമവുമായി ബന്ധപ്പെടുത്തി പ്രതിരോധ സംവിധാനങ്ങളെ വിലയിരുത്തുകയാണെങ്കിൽ വലിയ പാളിച്ചയാണ് ഉണ്ടായതെന്നു കാണാനാകും. അക്രമി നേരത്തേ ഒരു കേസിലും പ്രതിയായിരുന്നില്ലായിരിക്കാം. അയാൾ പ്രോഗ്രാം നടക്കുന്ന ഹോട്ടലിൽ മുറിയെടുത്തു താമസിക്കുന്നതിൽ ആരും അപാകതയും കണ്ടില്ലെന്നുംവരാം. എങ്കിലും അക്രമിയുടെ പക്കൽനിന്ന് ഒരു വലിയ തോക്ക്, ഒരു ചെറിയ തോക്ക്, പിന്നെ കുറച്ചു കത്തികൾ എന്നിവ പിടിച്ചെടുത്തെന്നാണ് മാധ്യമങ്ങൾ പറയുന്നത്. അമേരിക്കൻ പ്രസിഡന്റിനെപ്പോലെയൊരു വിവിഐപി പങ്കെടുക്കുന്ന പരിപാടി നടക്കുന്നതിനു സമീപത്തുള്ള ഹോട്ടലിൽ മെറ്റൽ ഡിറ്റക്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്താതിരുന്നത് പ്രതിരോധത്തിൽ സംഭവിച്ച വലിയ പിഴവുതന്നെയാണ്.
ഇത്തരം പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ജനങ്ങളും സാധാരണഗതിയിൽ കർശനമായ പരിശോധനയ്ക്കു വിധേയമാക്കും. ഇന്ത്യയിലാണെങ്കിൽ അഞ്ചു കിലോമീറ്റർ ചുറ്റളവുവരെ അതുണ്ടാവും. കാരണം, അക്രമി തോക്കുതന്നെ ഉപയോഗിക്കണമെന്നില്ലല്ലോ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി വന്ന് വിസ്ഫോടനം നടത്തുന്ന ചാവേറുമാകാം.
സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അക്രമി പ്രസിഡന്റിന് ഏകദേശം അടുത്തെത്തിയിട്ടുണ്ടെങ്കിൽ വാഹനപരിശോധന കൃത്യമായി നടന്നിട്ടില്ല എന്ന് അനുമാനിക്കാവുന്നതാണ്. ഇവിടെയാകട്ടെ പ്രോഗ്രാം സ്ഥലത്തുനിന്ന് 45 മീറ്റർ അകലെ മാത്രമാണ് പാറ്റ് ഡൗൺ സെർച്ച് (ശാരീരിക പരിശോധന), ഡിഎഫ്എംഡി (മെറ്റൽ ഡിറ്റക്ടർ പരിശോധന) എന്നിവ നടക്കുന്നത് എന്നുകൂടി കാണുക.പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ നടക്കുന്ന ദേഹപരിശോധന എടുത്തുപറയേണ്ട ഒന്നാണ്. അതിവിടെ നല്ല രീതിയിൽ നടന്നുവെന്നുതന്നെ കരുതുക.
അതുകൊണ്ടാവാം, മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഹാളിനടുത്തേക്ക് ഓടിവരുന്ന അയാളെ തടയുന്നതായി നമ്മൾ കാണുന്നത്.
പക്ഷേസുരക്ഷാ അപാകതയെന്നു പറയുന്നത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയും മറ്റും നടക്കുന്ന, പ്രസിഡന്റ് ഇരിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്തുവരെ അയാൾ ആയുധങ്ങളുമായി എത്തിച്ചേർന്നു എന്നതാണ്. മാത്രമല്ല, അകത്തു കടന്ന അയാൾ പ്രസിഡന്റിനു നേരേ നിറയൊഴിക്കുകയും ചെയ്യുന്നു. തോക്കിനു പകരം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് അയാൾ സ്വയം പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിൽ തറഞ്ഞ വെടിയുണ്ട നീക്കംചെയ്ത വിവരം നമ്മൾ അറിഞ്ഞതുമാണ്. ഒന്നിൽ കൂടുതൽ അക്രമികൾ ഉണ്ടോ എന്ന ഭയവും ആശയക്കുഴപ്പവുമൊക്കെ ഉദ്യോഗസ്ഥർക്കുണ്ടായിരുന്നുവെന്ന വിവരവും നമ്മൾ മനസിലാക്കുന്നു.
ഇതൊക്കെ കാണുമ്പോൾ അമേരിക്കൻ സെക്യൂരിറ്റി ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ ഭാവി ഇനി എന്താവും എന്നു ചിന്തിച്ചുപോകുന്നു. മൂന്നു തവണയും വധശ്രമത്തിൽനിന്ന് പ്രസിഡന്റിനെ രക്ഷപ്പെടുത്തി എന്നത് ശരിതന്നെ. പക്ഷേ, അടിക്കടി ഉണ്ടാകുന്ന സുരക്ഷാവീഴ്ചയിൽനിന്ന് അദ്ദേഹത്തിന് എങ്ങനെ ഒഴിഞ്ഞുമാറാനാവും?
ഏകദേശം 50 മീറ്റർ ചുറ്റളവിൽ മാത്രമാണ് സീക്രട്ട് സർവീസ് പ്രസിഡന്റിനു പ്രോക്സിമേറ്റ് സുരക്ഷയൊരുക്കുന്നത്. 50 മീറ്റർ മുതൽ അഞ്ചു കിലോമീറ്റർ വ്യാപ്തി വരെയുള്ള (ഏകദേശം) സുരക്ഷയൊരുക്കേണ്ടത് എഫ്ബിഐ, ഡിസ്ട്രിക്ട് പോലീസ്, മറ്റ് പോലീസ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലയാണ്. വധശ്രമം മുൻകൂട്ടി മനസിലാക്കുന്നതിലും ശത്രു അടുത്തുവരെ എത്തുന്നത് തടയുന്നതിലും എഫ്ബിഐ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നത് യാഥാർഥ്യമായതിനാൽ പട്ടേലിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
എല്ലാറ്റിനും ഉപരിയായി നമ്മൾ ചിന്തിക്കേണ്ടത് എന്തുകൊണ്ടാണ് മൂന്നാംതവണവയും അമേരിക്കക്കാർ തങ്ങളുടെ സ്വന്തം പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നത് എന്നാണ്. അക്കാര്യം ഒരു അന്വേഷണപരിധിയിലും വരുന്നില്ല എന്നു തോന്നുന്നു.
നികുതിയും തൊഴിലില്ലായ്മയും പലിശനിരക്കും ഇന്ധനവിലയുമെല്ലാം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ ജനതയുടെ ജീവിത സാഹചര്യം മുൻകാലങ്ങളെ അപേക്ഷിച്ച് ദുഃസഹമായിരിക്കുന്നു എന്നുവേണം കരുതാൻ. അതാണോ ഇത്തരം ആക്രമണത്തിനു പിന്നിലെന്ന് നമുക്കറിയില്ലെങ്കിലും ഒരു വെറുപ്പ് സ്വന്തം ജനതയ്ക്ക് ട്രംപിനോടുണ്ടെന്നും അത് ആഴത്തിൽ വേരുറപ്പിക്കപ്പെട്ടു പോയെന്നും വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങൾ.
Kerala
തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി.
ഈ സമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി.
അൽപദൂരം മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.
ഇതോടെ കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് യുവതി തമ്പാനൂർ പോലീസിൽ പരാതി നൽകി. പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
അടൂർ: സ്കൂളിലെ വാതിൽ പൊളിച്ച് ഇരുമ്പ് ഗ്രില്ല് മോഷ്ടിക്കാൻ ശ്രമം. തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ അകത്തുള്ള മുറിയുടെ വാതിൽ പൊളിച്ചാണ് ഗ്രില്ല് മോഷ്ടിക്കാൻ ശ്രമം നടത്തിയത്. ഗ്രില്ല് മുറിക്കു പുറത്തു നിന്ന് കണ്ടെത്തി.
കഴിഞ്ഞദിവസം രാവിലെ സ്കൂൾ ജീവനക്കാർ വന്നപ്പോഴാണ് മുറിയുടെ വാതിൽ ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. സ്കൂൾ പരിസരത്തെ ഓടയ്ക്കു മുകളിൽ വച്ചിരുന്നതാണ് ഗ്രില്ലുകൾ. ഓട നികത്തിയതോടെയാണ് ഗ്രില്ലുകൾ മുറിക്കുള്ളിൽ വച്ചത്.സ്കൂൾ അധികൃതരുടെ പരാതിയേ തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
District News
ഒല്ലൂർ: ക്രിസ്റ്റഫർനഗറിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കാനുള്ള കോർപറേഷന്റെ ശ്രമം നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് തടഞ്ഞു.
ശക്തമായ എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ച് മേയറും സംഘവും മടങ്ങി. ക്രിസ്റ്റഫർനഗറിൽനിന്ന് അഞ്ചേരി റോഡിലേക്കുതിരിയുന്ന ഭാഗത്ത് പൊതുകിണറിനോടുചേർന്ന് റെഡിമെയ്ഡ് ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനായി കോർപറേഷൻ അധികൃതർ നടത്തിയ ശ്രമമാണ് തടഞ്ഞത്.
സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കി സുരക്ഷിതമായ സ്ഥലത്തേ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാവൂ എന്ന നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടേയും നിർബന്ധത്തെതുടർന്നാണ് മേയർ, ഡെപ്യൂട്ടി മേയർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘത്തിനു റെഡിമെയ്ഡ് ബസ് സ്റ്റോപ്പുമായി തിരിച്ചുപോകേണ്ടിവന്നത്. 40 വർഷം പഴക്കമുള്ളതും 35 ഓട്ടോറിക്ഷകൾ ഉള്ളതുമായ ഓട്ടോപേട്ടയാണ് അഞ്ചേരി റോഡിന്റെ ഒരുവശത്തായി ഉള്ളത്.
ഇപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലത്ത് പണ്ടുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം തുടർച്ചയായുണ്ടായ അപകടങ്ങളെയും ഗതാഗതക്കുരുക്കിനെയുംതുടർന്ന് പൊളിച്ച് പ്രധാന റോഡിൽ തെക്കോട്ട് മാറ്റിസ്ഥാപിച്ചു. ഒന്നരവർഷത്തിനുശേഷം കോടതി സ്റ്റേ ഉണ്ടെന്നുപറഞ്ഞ് ആ ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിക്കുകയായിരുന്നു.
തുടർന്നാണ് പൊതുകിണറിനോടുചേർന്നുള്ള ഇടുങ്ങിയ സ്ഥലത്ത് വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കാൻ കോർപറേഷൻ അധികൃതർ തുനിഞ്ഞത്. തികച്ചും സുരക്ഷിതമായ സ്ഥലത്തുവേണം ബസുകാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാനെന്നും സമീപത്തെ അനധികൃത കെെയേറ്റങ്ങളൊഴിവാക്കിയാൽ സൗകര്യപ്രദമായ സ്ഥലം ലഭിക്കുമെന്നും ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും ചൂണ്ടിക്കാട്ടി. കോർപറേഷൻ അധികാരികളുമായി തർക്കം നടക്കുന്നതിനിടെപോലും വാഹനാപകടമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
Kerala
മൂവാറ്റുപുഴ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം വെള്ളൂർകുന്നം കാവുംകര മോളേക്കുടി ഭാഗത്ത് നെടുംപുറത്ത് വീട്ടിൽ അബിയെ (35) ആണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ല പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ആണ് ഉത്തരവിട്ടത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അതിക്രമിച്ച് കടക്കൽ, കഠിന ദേഹോപദ്രവം, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അബി.
കഴിഞ്ഞ നവംബർ അവസാനം മൂവാറ്റുപുഴ കച്ചേരിത്താഴം ഭാഗത്തു വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ ബിനു വർഗീസ്, പോൾ മാത്യു, അസി. സബ്ബ് ഇൻസ്പെക്ടർ എം.കെ. ഗിരിജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദീപ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. നിസാർ, എൻ.പി. സതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .
എം.സി. അതുൽ, സി. എച്ച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ റെയിൽവേ പോലീസിന് കൈമാറും. അതിക്രമം നടന്നത് റെയിൽവേ സ്റ്റേഷൻ അകത്ത് നിന്നായത് കൊണ്ടാണ് തീരുമാനം. അറസ്റ്റിലായ പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലാണ്.
District News
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. കാട്ടാക്കട വട്ടപ്പറമ്പ് കല്ലുവിള പുത്തന്‍ വീട്ടില്‍ എ. രാജീവ് (21), കടകംപള്ളി വെട്ടുകാട് ഓള് സെയിന്റ്സ് കോളജിനു സമീപം ഏനാത്തി വിളാകം വീട്ടില്‍ സുനീര്‍ (21) എന്നിവരാണ് പിടിയിലായത്.
മാസം ആറിന് രാത്രി 7.30 നായിരുന്നു സംഭവം. അണ്ടൂര്‍ക്കോണം പോത്തന്‍കോട് എടത്തറ അരിയോട്ടുകോണം ലത ഭവനില്‍ ദിവാകരന്റെ മകന് അനില്‍കുമാര്‍ (54) ആണ് ആക്രമിക്കപ്പെട്ടത്. സംഭവദിവസം രാജീവ് ഉള്‍പ്പെട്ട മൂന്നംഗസംഘം മെഡിക്കല്‍കോളജ് കാമ്പസിനുള്ളില്‍ കയറിയതിനെ സുരക്ഷാ ജീവനക്കാരനായ അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രതികള്‍ ചേര്‍ന്ന് അനില്‍കുമാറിനെ ക്രൂരമായി മർദിച്ചത്. പ്രതികള്‍ അസഭ്യം പറയുകയും അനില്‍കുമാറിന്റെ നെഞ്ചിലിടിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു.\
പ്രതികളിലൊരാള്‍ ഇടിച്ചതിനെത്തുടര്‍ന്ന് അനില്‍കുമാറിന്റെ മൂക്കില്‍നിന്നു രക്തം വരികയും എല്ലിനു പൊട്ടലുണ്ടാകുകയും ചെയ്തു. അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനുമാണു പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അനില്‍കുമാര്‍ നല്കിയ പരാതിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നു മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് (ബിഎഫ്എ) പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ പ്രവര്ത്തകന് എംഎഫ്എയ്ക്ക് പ്രവേശനം നല്കി ബിഎഫ്എ ജയിച്ചതായി പ്രഖ്യാപിക്കാനുള്ള കാലടി സംസ്കൃത സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തീരുമാനം തടഞ്ഞ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍.
ഇക്കാര്യത്തില്‍ വൈസ് ചാന്‍സലറും പരീക്ഷാ കണ്ട്രോളറും വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകള്‍ ഹാജരാക്കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
നാല് വര്‍ഷ ബിഎഫ്എ (മ്യൂറല്‍ പെയിന്റിംഗ്) പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് 20 വര്‍ഷം മുന്‍പ് പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്എഫ്ഐ പ്രവര്ത്തകന് ബിഎഫ്എ പരീക്ഷ പാസാകാതെ എംഎഫ്എയ്ക്ക് പ്രവേശനം നല്‍കിയിരുന്നു. 2023ല്‍ എംഎഫ്എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ ജയിപ്പിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം.
ബിഎഫ്എ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കാതെയാണ് എംഎഫ്എയ്ക്ക് കലേഷിന് പ്രവേശനം നല്‍കിയത്. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല പരീക്ഷാ വിഭാഗം കലേഷിന്റെ എംഎഫ്എ പരീക്ഷാ ഫലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിന്‍ഡിക്കറ്റ് യോഗം ചേര്‍ന്ന് തോറ്റ വിദ്യാര്‍ഥിയെ ബിഎഫ്എ പരീക്ഷ ജയിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്.
അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് സംഭവം. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു. . റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Kerala
പത്തനംതിട്ട: എക്സൈസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുകൊല്ലാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാൻ, ആസിഫ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവുമായി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് കാർ ഇടിച്ചു വീഴ്ത്തിയത്. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുണ്ട്. ദേഹത്തുകൂടി കാർ കയറ്റി ഇറക്കാൻ ശ്രമിച്ചെങ്കിലും ആനന്ദ് ഉരുണ്ടു മാറുകയായിരുന്നു.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ജയിൽശിക്ഷ അനുഭവിക്കാതെ സ്വതന്ത്രനായി. 45കാരനായ ജീസസ് റാമിറസ് എന്നയാളാണ് നിയമത്തിലെ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തി ശിക്ഷാവിധിയിൽ നിന്ന് ഒഴിവായത്.
2024 ഏപ്രിലിൽ ഷിക്കാഗോയിലെ പിങ്ക് ലൈൻ ട്രെയിനിൽ വച്ചാണ് റാമിറസ് ഒരു യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്. മുഖത്ത് തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടർന്ന് ഇരയായ 37കാരൻ ഒരാഴ്ചയോളം കോമയിലാവുകയും രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിയുകയും ചെയ്തു.
കോടതിയിൽ കുറ്റം സമ്മതിച്ച റാമിറസിന് രണ്ട് വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇലിനോയ് നിയമപ്രകാരം ഇലക്ട്രോണിക് മോണിറ്റൽ (ആങ്കിൾ മോണിറ്റർ) കഴിഞ്ഞ സമയം ശിക്ഷാ കാലാവധിയായി കണക്കാക്കും. റാമിറസ് ഒരു വർഷത്തിലധികം ഇത്തരത്തിൽ നിരീക്ഷണത്തിലായിരുന്നു. കൂടാതെ, നല്ല പെരുമാറ്റത്തിന്റെ പേരിൽ ശിക്ഷാ കാലാവധി പകുതിയായി കുറയ്ക്കാനും നിയമം അനുവദിക്കുന്നു.
ഇരയുടെ തലച്ചോറിൽ രക്തസ്രാവം, വാരിയെല്ലുകൾക്ക് ഒടിവ് എന്നിവയുൾപ്പെടെ ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ച പ്രതി ഇത്ര വേഗം സ്വതന്ത്രനായത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ (59)ആണ് മരിച്ചത്.
തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മണമ്പൂരിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥിയാണ്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂർ ഗ്രാമത്തിലാണ് സംഭവം.
നഴ്സായ പരുൾ(32) എന്ന യുവതിക്ക് നേരെയാണ് ക്രൂരതയുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺസ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് ഭാര്യയെ തീകൊളുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നാളുകളായി പരുളിനെ പീഡിപ്പിച്ചു വരികയായിരുന്നു.
പരുളിന്റെ സഹോദരൻ പരാതിയിൽ ഭർത്താവ് ദേവേന്ദ്ര, അമ്മ, സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നീ നാല് ബന്ധുക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
പ്രതികൾക്കെതിരെ ഗാർഹിക പീഡനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവർ ഒളിവിലാണ്.
അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് താൻ പരുളിന്റെ ഭർതൃഗൃഹത്തിലെത്തിയതെന്ന് അമ്മ പറഞ്ഞു. ഇവരാണ് മകളെ ആശുപത്രിയിലെത്തിച്ചത്. 13 വർഷങ്ങൾ മുമ്പാണ് പരുളിന്റെയും ദേവേന്ദ്രയുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് ഇരട്ട കുട്ടികളുണ്ട്.